മനുഷ്യാവകാശ കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി

ന്യൂസ് ബ്യൂറോ, കോട്ടയം
Thursday, June 10, 2021

കോട്ടയം: എം.ജിയിലെ ബി എസ് സി നഴ്‌സിംഗ് പരീക്ഷ വിഷയത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി. എം.ജി സര്‍വകലാശാലക്ക് കീഴില്‍ ബി എസ് സി നഴ്‌സിംഗ് പഠനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികളുടെ അവസാന വര്‍ഷ പരീക്ഷ നടത്തിപ്പിലാണ് റിപ്പാര്‍ട്ട് ആവശ്യപ്പെട്ടത്.

ജൂണില്‍ പരീക്ഷ നടത്തണമെന്നാണ് വിദ്യാര്‍ഥികളുടെ ആവശ്യം. എം ജി സര്‍വകലാശാല രജിസ്ട്രാര്‍ക്കാണ് കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ. ബൈജുനാഥ് ഉത്തരവ് നല്‍കിയത്. റിപ്പോര്‍ട്ട് 15 ദിവസത്തിനകം സമര്‍പ്പിക്കണം.

പയ്യന്നൂര്‍ സ്വദേശി അക്ഷയ് സമര്‍പ്പിച്ച പരാതിയിലാണ് നടപടി. മൂന്നു തവണ പരീക്ഷക്ക് ടൈംടേബിള്‍ പ്രസിദ്ധീകരിച്ചെങ്കിലും ലോക്ക് ഡൗണ്‍ കാരണം മാറ്റിവച്ചു. എന്നാല്‍ കേരള ആരോഗ്യ സര്‍വകലാശാല ഇതേ കോഴ്‌സിനുള്ള പരീക്ഷ ജൂണ്‍ 21 മുതല്‍ ആരംഭിക്കാന്‍ തീരുമാനിച്ചതായി പരാതിയില്‍ പറയുന്നു.

സര്‍ക്കാര്‍ നല്‍കിയ പ്രത്യേക അനുമതിയോടെയാണ് ആരോഗ്യ സര്‍വകലാശാലാ പരീക്ഷ നടത്തുന്നത്. എന്നാല്‍ എം.ജി. സര്‍വകലാശാലക്ക് പ്രത്യേക അനുമതി ലഭിച്ചിട്ടില്ലെന്ന് പരാതിയില്‍ പറയുന്നു. എം.ജി സര്‍വകലാശാലക്കും 21 ന് തന്നെ പരീക്ഷ തുടങ്ങാന്‍ അനുമതി നല്‍കണമെന്നാണ് വിദ്യാര്‍ത്ഥികളുടെ ആവശ്യം.

×