/sathyam/media/post_attachments/lSGBbT1PKoen1sRx3tby.jpg)
ജിദ്ദ: ഇന്ത്യ ഉൽഘോഷിക്കുന്ന യോഗ വ്യായാമങ്ങളിൽ ആകൃഷ്ടരായവർ സൗദി അറേബ്യയിലും എട്ടാമത് അന്താരാഷ്ട്ര യോഗദിനം ചൊവാഴ്ച ഉത്സാഹപൂർവ്വം ആചരിച്ചു. 2014 മുതൽ ജൂൺ 21 ആണ് ഐക്യരാഷ്ട്ര സഭയുടെ അംഗീകാരത്തോടെ യോഗ ദിനം ആചരിക്കുന്നത്. റിയാദിലെ ഇന്ത്യൻ എംബസി, ജിദ്ദയിലെ കോൺസുലേറ്റ് ജനറൽ എന്നിവ സൗദിയിലെ യോഗ ദിനാചരണത്തിന് നേതൃത്വം നൽകി. പുലർച്ചയിൽ അരങ്ങേറിയ പുറംവാതിൽ യോഗാ വ്യായാമങ്ങളിൽ ഇന്ത്യക്കാരും ഇതര രാജ്യക്കാരും പങ്കെടുത്തു.
യോഗയുടെ മന്ത്രം ഉരുവിട്ട് ആരംഭിച്ച യോഗ ദിനാചരണം പ്രത്യേക പ്രോട്ടോകൊളിലൂടെ നീങ്ങി യോഗാ പ്രതിജ്ഞയിലൂടെയാണ് സമാപിച്ചത്. യോഗാ മുദ്രകളിലൂടെ ചിട്ടപ്പെടുത്തിയ നൃത്തവും അരങ്ങേറി. നാനാ തുറകളിലുമുള്ള സ്ത്രീകൾ ഉൾപ്പെടെ എല്ലാ പ്രായക്കാരും യോഗ ആചരിക്കാനെത്തിയവരിൽ ഉൾപ്പെടുന്നു.
യോഗ കർമങ്ങൾക്ക് സൗദി യോഗ കമ്മിറ്റി മേധാവി നൗഫ് അൽമർവായ് നേതൃത്വം നൽകി. ആരോഗ്യ പരിപാലനം എന്ന നിലയിൽ സൗദി അംഗീകാരത്തോടെയുള്ള യോഗാ പ്രമോട്ട് ചെയ്യുന്നതിനുള്ള വേദിയാണ് സൗദി യോഗാ കമ്മിറ്റി. ആരോഗ്യം പരിരക്ഷിക്കുന്നതിൽ യോഗയുടെ പങ്ക് നൗഫ് സ്വന്തം അനുഭവങ്ങളുടെ വെളിച്ചത്തിൽ വിശദീകരിച്ചു.
/sathyam/media/post_attachments/WWilhGYGc0hO6W6xuH7f.jpg)
ഇന്ത്യൻ എംബസിയിലെ ചാർജ് ഡി അഫയേഴ്സ് എൻ റാം പ്രസാദ് ഇന്ത്യയും സൗദിയും തമ്മിൽ ആരോഗ്യ രംഗത്തും വികസിച്ചുവരുന്ന പങ്കാളിത്തം വിവരിച്ചു. ഇക്കാര്യത്തിൽ യോഗ സുപ്രധാനമായ മാറുകയാണെന്നും സൗദിയിൽ യോഗ ജനകീയമാവുകയാണെന്നും പറഞ്ഞു.
രാജ്യത്ത് യോഗ പഠിപ്പിക്കുന്നതിനും പരിശീലിക്കുന്നതിനും 2017 നവംബർ മുതൽ സൗദി അറേബ്യ അംഗീകാരം നൽകിയിരുന്നു. യോഗ പഠിപ്പിക്കുന്ന ഇന്ത്യൻ സ്ഥാപനങ്ങളുമായി സഹകരണ കരാർ ഒപ്പിട്ട ഗൾഫിലെ ആദ്യ രാജ്യവുമാണ് സൗദി അറേബ്യ. യോഗ പ്രചരിപ്പിക്കാൻ സൗദി ഗവൺമെൻറ് ഔദ്യോഗിക യോഗ കമ്മിറ്റി രൂപവത്കരിക്കുകയും ചെയ്തു.
യോഗ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആദ്യത്തെ യോഗ ഫെസ്റ്റിവൽ കിംഗ് അബ്ദുല്ല ഇക്കോണോമിക് സിറ്റിയിൽ നടന്നിരുന്നു. യോഗ സൗദി ജനതക്കിടയിൽ പ്രചാരം നേടിക്കൊണ്ടിരിക്കുന്നതോടെ ധാരാളം സ്വദേശികൾ ആരോഗ്യ പരിചരണത്തിനും സുഖചികിത്സകൾക്കുമായി ഇന്ത്യ സന്ദർശിച്ചു കൊണ്ടിരിക്കുകയാണ് - ഇന്ത്യൻ എംബസിയുടെ പ്രസ്താവന വിശദീകരിച്ചു.