/sathyam/media/post_attachments/3kQWZxGSXrhgxaBBNJRy.jpg)
നെന്മാറ പെരുമാങ്ങോട്ട് കന്നിമാസത്തിലെ മകം നാളിൽ കന്നുകാലികളെ മഞ്ഞ കുറിയിട്ട് അലങ്കരിച്ചിരിക്കുന്നു
നെന്മാറ: പാലക്കാടൻ നെൽ കാർഷികമേഖലയുടെ പഴമയുടെ തിരുശേഷിപ്പായി ആയില്യം, മകം ആഘോഷം. ഒക്ടോബർ രണ്ടിനും മൂന്നിനുമാണ് ആയില്യം മകം നാളുകൾ. കന്നുകാലികളുടെ ഓണം ആയാണ് പാലക്കാട്ടെ കർഷകർ കന്നിമാസത്തിലെ ആയില്യം മകം നാളുകൾ ആഘോഷിക്കുന്നത്.
ആയില്യം നാളിൽ കന്നുകാലികളെ കുളിപ്പിച്ച് അരി അരച്ചുണ്ടാക്കിയ വെളുത്ത കുറി അണിയിക്കുകയും രണ്ടാം നാളായ മകം ദിനത്തിൽ പച്ചമഞ്ഞൾ അരച്ചുണ്ടാക്കിയ മഞ്ഞ കുറിയും കന്നുകാലികളുടെ ശരീരത്തിലും നെറ്റിയിലും കൊമ്പിലും കൈപ്പത്തി ഉപയോഗിച്ച് പതിച്ചാണ് കുറിതൊട്ടു വിളിക്കുന്നത്.
കൂടാതെ കാർഷിക കളങ്ങളിലെ മുറ്റത്ത് ചാണകം മെഴുകി കോലം വരച്ച് മണ്ണുകൊണ്ടുണ്ടാക്കിയ മാതേവരെ പ്രതിഷ്ഠിച്ച് പൂക്കൾ വയ്ക്കും. ചില പ്രദേശങ്ങളിൽ നെല്ലിന്റെ പിറന്നാളായും മകം നാൾ ആഘോഷിക്കുന്നു. നെൽപ്പാടത്തെ വലത് വരമ്പിൻ മൂലയിൽ ചെറിയ കുഴിയെടുത്ത് അവിലും മലരും നിവേദിക്കുന്ന ചടങ്ങും നടന്നുവരുന്നു.
യന്ത്രവൽകൃത കൃഷിയിലേക്ക് മാറിയെങ്കിലും അന്നം തരുന്ന നെൽപ്പാടങ്ങൾ ഉഴുതുമറിക്കുന്ന കന്നുകാലികൾക്ക് വിശ്രമം നൽകി ആദരിക്കുന്ന അപൂർവ്വ സന്ദർഭം കൂടിയാണ് ആയില്യം, മകം ദിനങ്ങൾ. ഇന്നും പഴമ പിന്തുടർന്ന് കർഷകർ ഈ ചടങ്ങുകൾ അനുഷ്ഠിച്ചുവരുന്നു.