രണ്ട് പതിറ്റാണ്ടുകൾ പിന്നിട്ട പ്രവാസം മതിയാക്കി മടങ്ങാനിരിക്കേ സാമൂഹ്യ പ്രവർത്തകനായ പത്തനംതിട്ട സ്വദേശി ജിദ്ദയിൽ മരണപ്പെട്ടു

New Update

publive-image

ജിദ്ദ: സാമൂഹ്യ, സാംസ്കാരിക, സംഘടനാ രംഗങ്ങളിലെ സജീവ വ്യക്തിത്വമായിരുന്ന മലയാളി ജിദ്ദയിൽ മരണപ്പെട്ടു. പത്തനംത്തിട്ട, അടൂര്‍, മണക്കാല,തുവയൂർ നോർത്ത് സ്വദേശി അശ്വിൻ വിഹാറിൽ പരേതനായ ഗോവിന്ദിന്റേയും കൗസല്യയുടെയും മകൻ ഷാജി ഗോവിന്ദ് (59) ആണ് ജിദ്ദ കിംഗ് അബ്ദുല്ല മെഡിക്കല്‍ സെന്ററില്‍ ചികിത്സയിലായിരിക്കെ, തിങ്കളാഴ്ച വെളുപ്പിന് മുമ്പ് മരിച്ചത്.

Advertisment

രണ്ടു പതിറ്റാണ്ട് കാലത്തിലേറെയായി സൗദി ആരോഗ്യ മന്ത്രാലത്തിന്റെ കീഴിലുള്ള അസീസിയ്യയിലെ മെറ്റേർണിറ്റി ആശുപത്രിയിൽ ടെക്‌നീഷ്യൻ ആയി ജോലി ചെയ്തിരുന്ന ഷാജി ഗോവിന്ദ് ഫൈനൽ എക്സിറ്റിൽ നാട്ടിൽ പോകാനുള്ള ശ്രമം നടത്തുന്നതിനിടെയാണ് ന്യുമോണിയ ബാധിതനായി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടത്.

പനി ബാധിച്ച് താമസ സ്ഥലത്ത് തന്നെ കഴിഞ്ഞിരുന്ന അദ്ദേഹത്തെ ആദ്യം ജിദ്ദാ നാഷണൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഏതാനും ദിവസങ്ങൾക്ക് ശേഷം കൂടുതൽ വിദഗ്ദ്ധ ചികിത്സയ്ക്കായി കിംഗ് അബ്ദുല്ല മെഡിക്കൽ സിറ്റിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

ഒഐസിസി പത്തനംത്തിട്ട ജില്ലാ കമ്മിറ്റി സെക്രട്ടറി കൂടിയായിരുന്നു. ജിദ്ദയിലെ പത്തനംതിട്ട ജില്ലാ സംഗമം സ്ഥാപകാംഗവും സജീവ പ്രവർത്തകനുമാണ്. ഷാജി ഗോവിന്ദിന്റെ മരണത്തിൽ പത്തനംതിട്ട ജില്ലാ സംഗമം, ഒഐസിസി സംഘടനകൾ അനുശോചനം രേഖപ്പെടുത്തി.

ഭാര്യ: ശ്രീന ഷാജി. മക്കൾ: അശ്വിൻ ഷാജി, അശ്വതി ഷാജി. സഹോദരങ്ങൾ: സഞ്ജീവ്, സംഗീത.

obit news
Advertisment