/sathyam/media/post_attachments/BunAvVq10x6zWjWksxh5.jpg)
തച്ചമ്പാറ: പത്രപ്രവർത്തകനും സാമൂഹ്യ, സാംസ്കാരിക, കാർഷിക രംഗത്ത് സജീവവുമായിരുന്ന
ഉബൈദുള്ള എടായ്ക്കൽ നിര്യാതനായി. മരിക്കുന്നതിന് ഒന്നരമണിക്കൂർ മുമ്പ് തച്ചമ്പാറ കർഷക ഗ്രൂപ്പിൽ അദ്ദേഹം പോസ്റ്റ് ചെയ്ത വാർത്ത വായിക്കുന്നതിനിടെ ഞെട്ടലോടെയാണ്
എല്ലാവരും മരണ വാർത്ത അറിഞ്ഞത്.
തച്ചമ്പാറയിലെ വാർത്തകൾ ഏറ്റവും ആദ്യം ജനങ്ങളിലേക്ക് എത്തിക്കുന്നതിലും കൃഷി പ്രചാരണത്തിലും മുൻപന്തിയിലുണ്ടായിരുന്നു. കർഷകരെ സംഘടിപ്പിച്ച് കാർഷിക മേഖല പരിപോഷിപ്പിക്കുന്നതിൽ തച്ചമ്പാറ കൃഷിഭവനുമായി സഹകരിച്ച് പ്രവർത്തിച്ചിരുന്നു.
വാർത്തയിൽ നിഷ്പക്ഷതയും പ്രതിബദ്ധതയും കാത്തുസൂക്ഷിച്ച തച്ചമ്പാറയുടെ കൃഷിസ്‌നേഹി.
ഓൺലൈൻ പോർട്ടലിന്റെയും കാർഷിക പ്രചാരണ ഗ്രൂപ്പുകളുടെയും അഡ്മിൻ കൂടിയാണ്.
ഏത്ആനുകാലിക പ്രസിദ്ധീകരണങ്ങളുമായും സഹകരിച്ച് പ്രവർത്തിച്ചിരുന്ന ഉബൈദ് മുൻകൈയെടുത്ത് പ്രസിദ്ധീകരിച്ചിരുന്ന ഓൺലൈൻ പത്രമായിരുന്നു 'തച്ചമ്പാറ ന്യൂസ്'
കാർഷികം, രാഷ്ട്രീയം, ആരോഗ്യ മേഖല തുടങ്ങിയ വിഷയങ്ങളിൽ വാർത്തകൾ തേടിപ്പിടിച്ചു ജനങ്ങളിൽ എത്തിക്കുക പതിവായിരുന്നു.
കൃഷി കാര്യങ്ങളിൽ എപ്പോഴും പുതിയൊരറിവ് പങ്കുവെക്കാനുണ്ടാകും അദ്ദേഹത്തിന്. വളരെ കാര്യമായും കൃത്യമായും വാർത്തകളും അറിയിപ്പുകളും അവതരിപ്പിക്കുമായിരുന്നു.
പഴയകാലത്തിന്റെ ഗൃഹാതുരത്വം അറിയുന്നതിനും പങ്കുവെക്കുന്നതിനും പ്രത്യേകം ഉത്സാഹിച്ചിരുന്നു.
ദേശീയ പാതയിൽ എവിടെ അപകടമുണ്ടാകുമ്പോഴും വേഗത്തിൽ വസ്തുതകൾ റിപ്പോർട്ട് ചെയ്യാനുള്ള അദ്ദേഹത്തിന്റെ കഴിവ് അപാരമായിരുന്നു. മാധ്യമ പ്രവർത്തനത്തിലെ പ്രൊഫഷണലിസത്തിനും വിശ്വാസ്യതക്കും അദ്ദേഹം കാണിച്ച മികവ് എല്ലാ സംഘടന നേതാക്കളിലും ഏറെ മതിപ്പ് ഉണ്ടാക്കുന്നതായിരുന്നു.