ബംഗളൂരുവില്‍ ഒല, ഊബര്‍ ഓട്ടോ, റാപ്പിഡോയുടെ ബൈക്ക് ടാക്സി സര്‍വിസുകളും നിരോധിക്കുന്നു

author-image
Charlie
New Update

publive-image

ബംഗളൂരു: ഒല, ഊബര്‍ എന്നിവയുടെ ഓട്ടോ സര്‍വിസുകളും റാപ്പിഡോയുടെ ബൈക്ക് ടാക്സി സര്‍വിസും നിര്‍ത്താന്‍ കര്‍ണാടക സര്‍ക്കാര്‍ നിര്‍ദേശം. കഴിഞ്ഞ ദിവസമാണ് ഗതാഗത വകുപ്പ് ഇവര്‍ക്ക് നോട്ടീസ് നല്‍കിയത്. അമിത നിരക്ക് ഈടാക്കുന്നതായ പരാതിയെ തുടര്‍ന്നാണ് നടപടി.

Advertisment

ഒക്‌ടോബര്‍ ആറിന് നോട്ടീസ് പുറപ്പെടുവിച്ച വകുപ്പ് മറുപടി നല്‍കാന്‍ മൂന്ന് ദിവസത്തെ സമയമാണ് നല്‍കിയത്. നിയമം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് ഗതാഗത വകുപ്പ് മുന്നറിയിപ്പ് നല്‍കി.

ക്യാബ് അഗ്രഗേറ്റര്‍മാര്‍ക്ക് ക്യാബ് സര്‍വിസുകള്‍ക്ക് മാത്രമാണ് ലൈസന്‍സ് നല്‍കിയിട്ടുള്ളതെന്ന് സര്‍ക്കുലര്‍ ചൂണ്ടിക്കാട്ടുന്നു. 'പബ്ലിക് സര്‍വിസ് പെര്‍മിറ്റോ കരാറോ ഉള്ള ഡ്രൈവര്‍ ഒഴികെ ആറ് യാത്രക്കാരില്‍ കൂടാത്ത സീറ്റിങ് കപ്പാസിറ്റിയുള്ള മോട്ടോര്‍-ക്യാബ്' എന്നാണ് ഇതില്‍ ക്യാബ് സേവനങ്ങളെ നിര്‍വചിച്ചത്.

2020 നവംബറില്‍, ടാക്‌സി അഗ്രഗേറ്റര്‍മാര്‍ക്കായി പുതിയ നിയന്ത്രണങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയിരുന്നു. സര്‍ക്കാര്‍ മിനിമം ചാര്‍ജ് (ആദ്യത്തെ രണ്ട് കിലോമീറ്ററിന്) 30 രൂപയായും കഴിഞ്ഞ വര്‍ഷം നിശ്ചയിച്ചിരുന്നു. ഓരോ അധിക കിലോമീറ്ററിനും 15 രൂപ വീതം കൂടുതല്‍ വാങ്ങാം.

എന്നാല്‍, കഴിഞ്ഞ മാസങ്ങളില്‍ ഉണ്ടായ ഇന്ധന വില വര്‍ധനയും പണപ്പെരുപ്പവും കാരണം മിനിമം ചാര്‍ജാ് 100 രൂപ വാങ്ങുന്നതായാണ് പരാതി. അവര്‍ക്ക് ഓട്ടോ ഓടിക്കാന്‍ അധികാരമില്ലെന്നും അമിതമായി നിരക്ക് ഈടാക്കുന്നുണ്ടെന്നും ബംഗളൂരു ഗതാഗത അഡീഷനല്‍ കമീഷണര്‍ ഹേമന്ത കുമാര പറഞ്ഞു.

എന്നാല്‍, ഇതുമായി ബന്ധപ്പെട്ട് ഒലയും ഊബര്‍ ഇന്ത്യയും പ്രതികരിക്കാന്‍ വിസമ്മതിച്ചു. ബംഗളൂരുവിലെ തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ നിയമവിരുദ്ധമല്ലെന്നും നോട്ടീസിന് മറുപടി നല്‍കുമെന്നും റാപിഡോ പറഞ്ഞു.

Advertisment