/sathyam/media/media_files/ziFliEKP8RZRvcgyfGxK.jpg)
കോഴിക്കോട്: പാരിസ് ഒളിമ്പിക്‌സിനുള്ള ഇന്ത്യന്‍ സംഘത്തിലെ ഏറ്റവും പ്രായം കുറഞ്ഞ താരമാണ് 14കാരി ധിനിധി ദേസിങ്കു. മത്സരം വനിതകളുടെ 200 മീറ്റര്‍ ഫ്രീസ്റ്റൈലില്‍.
ഒമ്പതാം ക്ലാസുകാരിയായ ഇന്ത്യന്‍ ഒളിമ്പിക് ടീമിലെ ഈ മിടുക്കിക്ക് തന്‍റെ ബാല്യത്തില്‍ നഷ്‌ടമായ പലതുമുണ്ട്. സമപ്രായക്കാരായ കുട്ടികള്‍ അനുഭവിക്കുന്ന പല സന്തോഷങ്ങളും അനുഭവിക്കാന്‍ കോഴിക്കോട്ടുകാരിയായ ഈ പതിനാലുകാരിക്ക് പലപ്പോഴും കഴിഞ്ഞിരുന്നില്ല.
അവര്‍ ആടിയും പാടിയും ഒക്കെ തങ്ങളുടെ ജീവിതം ഉല്ലാസഭരിതമാക്കുമ്പോള്‍ ധിനിധി ദേസിങ്കു തന്‍റെ സ്വപ്‌ന സാക്ഷാത്ക്കാരത്തിനുള്ള കഠിന പരിശ്രമത്തിലായിരുന്നു.
ധിനിധി വേണ്ടെന്ന് വച്ച ആ സന്തോഷങ്ങളെല്ലാം ഇതാ ഇപ്പോള്‍ ആയിരമിരട്ടിയായി എത്തിച്ചേര്‍ന്നിരിക്കുകയാണ്. പാരിസ് ഒളിമ്പിക്‌സിലേക്ക് യോഗ്യത നേടിയിരിക്കുന്നു.
രാജ്യത്തെ പ്രതിനിധീകരിച്ച് നീന്തലില്‍ മത്സരിക്കാനുള്ള അവസരമാണ് ധിനിധിക്ക് കിട്ടിയിരിക്കുന്നത്. ഈ മാസം അവസാനം നടക്കുന്ന മത്സരത്തില്‍ പങ്കെടുക്കാനുള്ള ഇന്ത്യന്‍ സംഘത്തിലെ ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന ബഹുമതിയും ഈ മലയാളി പെണ്‍കുട്ടിക്ക് ഉണ്ട്.
കോഴിക്കോട് പുതിയങ്ങാടി സ്വദേശി ജെസിത വിജയന്‍റെയും തമിഴ്‌നാട് സ്വദേശി ദേസിങ്കുവിന്‍റെയും മകളാണ് ധിനിധി. ഒന്‍പതാം ക്ലാസുകാരിയായ ധിനിധി ബെംഗളൂരുവിലെ മുഷിപ്പിക്കുന്ന ഫ്ലാറ്റ് ജീവിതത്തിന്‍റെ ബോറടിയില്‍ നിന്ന് രക്ഷപ്പെടാനാണ് നീന്തല്‍ക്കുളത്തിലിറങ്ങിയത്.
പിന്നീട് ഒളിമ്പിക്‌സ് സ്വപ്‌നം കൂടെക്കൂടി. താന്‍ തന്നെ തെരഞ്ഞെടുത്ത വഴിയാണിത്. തനിക്ക് ഇതിനായി പല ത്യാഗങ്ങളും സഹിക്കേണ്ടി വന്നിട്ടുണ്ടെന്നും ധിനിധി പറയുന്നു. എന്നാല്‍ ഇപ്പോള്‍ അതിനെല്ലാം ഫലമുണ്ടായിരിക്കുന്നുവെന്നും അവള്‍ കൂട്ടിചേര്‍ത്തു.