അത്തം പത്തിന് തിരുവോണം എന്നാണല്ലോ ചൊല്ല്. എന്നാല്‍, അത്തം മുതല്‍ തിരുവോണം വരെ പൂവിടുന്ന പലര്‍ക്കും എന്താണ് അതിന്റെ പ്രത്യേകതയെന്നും ഐതീഹ്യവും അറിയില്ല. വീട്ടു മുറ്റങ്ങളില്‍ നിന്നും വഴിയോരങ്ങളില്‍ നിന്നും കടകളില്‍ നിന്നുമെല്ലാം പൂക്കള്‍ ശേഖരിച്ച് വീട്ടുമുറ്റങ്ങളില്‍ പത്തു ദിവസവും പൂക്കളമിട്ട് തിരുവോണത്തെ വരവേല്‍ക്കുമ്പോള്‍ നമുക്ക് ഈ 10 ദിവസങ്ങളിലും പൂക്കളമെങ്ങനെ ഇടണമെന്നും അറിയേണ്ടേ.. ഓാരോ ദിസവും പൂക്കളത്തിന്റെ വലിപ്പവും കൂടി കൂടി വരണം... അതങ്ങനെ തിരുവോണം വരെ....
അത്തം
ഓണത്തിന് തുടക്കം കുറിക്കുന്ന ദിവസമാണ് അത്തം. വീട്ടുമുറ്റത്ത് പൂവിടാന്‍ തുടങ്ങുന്നതും ഇന്നാണ്.
അത്തം ദിനത്തില്‍ ഇടുന്ന പൂക്കളം അത്തപ്പൂ എന്നാണ് അറിയപ്പെടുന്നത്. ചെറിയ പൂക്കളും മഞ്ഞ നിറത്തിലുള്ള പൂക്കളുമാണ് ഈ പൂക്കളത്തിനായി വേണ്ടത്.
ചിത്തിര
ഈ ദിവസം വീടുകള്‍ വൃത്തിയാക്കുകയാണ് ചെയ്യുന്നത്. വീടുകള്‍ വൃത്തിയാക്കി ഓണത്തെ വരവേല്‍ക്കുകയാണ് ഈ ദിവസംകൊണ്ട് ഉദ്ദേശിക്കുന്നത്. അന്ന് പൂക്കളത്തില്‍ രണ്ട് വരി പൂവാണ് ഇടേണ്ടത്.
ചോതി
ഈ ദിവസം പൂക്കളത്തില്‍ ഒന്നിലധികം വരികള്‍ കൂട്ി ചേര്‍ക്കണം. മാത്രമല്ല. ഓണത്തിനായുള്ള വസ്ത്രങ്ങള്‍ ഉള്‍പ്പെടെയുള്ളവ ഈ ദിവസമാണ് വാങ്ങുന്നത്. പുതിയ വസ്ത്രങ്ങളും ആഭരണങ്ങളും പരസ്പരം ഈ ദിവസം സമ്മാനിക്കാം.
വിശാഖം
ഓണത്തിലെ ഏറ്റവും നല്ല ദിവസങ്ങളിലൊന്നായി അറിയപ്പെടുന്നത് ഈ ദിവസമാണ്. ഈ ദിവസം ഓണസദ്യക്ക് തുടക്കം കുറിക്കുന്ന ദിവസങ്ങളില്‍ ഒന്നാണ്. ഈ ദിവസം മുതലാണ് കാണം വിറ്റും ഓണം ഉണ്ണമെന്ന് പറയുന്നത്.
അനിഴം
ഓണത്തിന്റെ അഞ്ചാം നാളായ ഒരുപാട് പ്രത്യേകതകള്‍ നിറഞ്ഞതാണ്. ഈ ദിവസം ആറന്മുള ഉത്രട്ടാതിക്കുള്ള തിരക്ക് കൂട്ടലാണ്.
തൃക്കേട്ട
ഓണത്തിന്റെ ആറാം ദിവസമാണ് തൃക്കേട്ട. ഈ ദിവസത്തില്‍ ഓണത്തിന്റെ ആഘോഷങ്ങളിലേക്കും തിരക്കുകളിലേക്കും എല്ലാവരും മുഴുകും. മാത്രമല്ല, മുറ്റത്തെ പൂക്കളത്തിന്റെ വലിപ്പവും കൂടും.
മൂലം
പരമ്പരാഗതമായി തയാറാക്കുന്ന ചെറിയ രീതിയിലുള്ള ഓണസദ്യ ഈ ദിവസം മുതലാണ് തയാറാക്കുന്നത്. ക്ഷേത്രങ്ങളിലൊക്കെ ഓണത്തിന്റെ തിരക്ക് വര്‍ദ്ധിക്കുന്നതും ഈ ദിവസമാണ്. അന്ന് പൂക്കളം വീണ്ടും വലുതാക്കിയിടണം.
പൂരാടം
ഈ ദിവസം വീട്ടുകാര്‍ വീട് വൃത്തിയാക്കി വാമനനേയും മഹാബലി തമ്പുരാനേയും വരവേല്‍ക്കാനായി ഒരുങ്ങും. ഈ ദിവസമാണ് പൂരാട ഉണ്ണികള്‍ എന്ന പേരില്‍ കുട്ടികളെ ഒരുക്കുന്നത്. മാതേവരെ ഉണ്ടാക്കുന്നതും ഓണത്തപ്പനെ ഉണ്ടാക്കുന്നതും പൂജ ചെയ്യുന്നതുമെല്ലാം ഈ ദിവസമാണ്.
ഉത്രാടം
ഈ ദിവസത്തെ ഒന്നാം ഓണമെന്ന് പറയുന്നു. ഉത്രാടപ്പാച്ചില്‍ എന്ന് അറിയപ്പെടുന്ന ഇന്ന് ആളുകള്‍ ഓണത്തിനായുള്ള എല്ലാം വാങ്ങിക്കൂട്ടുന്ന തിരക്കിലാകും. കടകളും ചന്തകളുമെല്ലാം ആളുകളെക്കൊണ്ട് നിറയും. ഈ ദിവസമാണ് ശരിക്കുള്ള ഓണം തുടങ്ങുന്നത്. പച്ചക്കറികളും പഴങ്ങളും പുതുവസ്ത്രങ്ങളുമായി തയാറെടുക്കുന്നത് ഇന്നാണ്. എല്ലാ ഒരുക്കങ്ങളും ഉത്രാട ദിവസം വൈകിട്ടാകുമ്പോള്‍ അവസാനിക്കും.
തിരുവോണം
അങ്ങനെ പത്താം ദിനം തിരുവോണമെത്തും. വലിയ പൂക്കളമൊരുക്കിയും പുതുവസ്ത്രങ്ങള്‍ അണിഞ്ഞും സദ്യയൊരുക്കിയും എല്ലാവരും തിരുവോണ ദിവസം നാടാകെ ആഘോഷിക്കും.