തിരുവോണത്തോണി. ഐതിഹ്യം

ചിങ്ങമാസത്തിലെ മൂലം നാളില്‍ കുമാരനെല്ലൂരിലെ ഇല്ലത്തു നിന്നും മൂത്ത ഭട്ടതിരി ചുരുളന്‍ വള്ളത്തില്‍ യാത്ര പുറപ്പെടും.

New Update
Untitled

ആറന്‍മുള പാര്‍ത്ഥ സാരഥി ക്ഷേത്രത്തില്‍ തിരുവോണ ദിവസം ഭഗവാനായുള്ള സദ്യയ്ക്ക് സദ്യവട്ടങ്ങളും വിഭവങ്ങളുമായി കാട്ടൂര്‍ മങ്ങാട് ഇല്ലത്തു നിന്നും തിരിയ്ക്കുന്ന തോണിയാണ് തിരുവോണത്തോണി. അതിന്റെ ഐതിഹ്യം ഇങ്ങനെയാണ്.


Advertisment

ആറന്‍മുളയ്ക്കടുത്ത് കാട്ടൂര്‍ മങ്ങാട് ഇല്ലത്തെ ഭട്ടതിരിയ്ക്ക് സന്താനങ്ങളുണ്ടായിരുന്നില്ല. ഒടുവില്‍ ഒരു കുട്ടി ജനിച്ചപ്പോള്‍ അത് ആറന്‍മുള ഭഗവാന്റെ കൃപയാണെന്ന് ഭട്ടതിരി വിശ്വസിച്ചു. എല്ലാ വര്‍ഷവും തിരുവോണ സദ്യ ഉണ്ണും മുമ്പ് അദ്ദേഹം ഒരു ബ്രഹ്‌മചാരിയ്ക്ക് ഭക്ഷണം നല്കും.


ഒരിക്കല്‍ ഈ പതിവ് തെറ്റി. ബ്രഹ്‌മചാരി എത്താതെ താന്‍ തിരുവോണ സദ്യ കഴിയ്ക്കുകയില്ലെന്ന് ഭട്ടതിരി ശാഠ്യം പിടിച്ചു. അപ്പോള്‍ ഒരു ബാലനെത്തി ഊണ് കഴിച്ചു. ഭട്ടതിരിയുടെ ഭക്തിയില്‍ സന്തുഷ്ടനായ ശ്രീകൃഷ്ണന്‍ തിരുവോണത്തിന്റെ സദ്യ ഇനി ആറന്‍മുള ക്ഷേത്രത്തില്‍ വന്ന് നല്കിയാല്‍ മതിയെന്ന് ദര്‍ശനത്തില്‍ പറഞ്ഞുവത്രെ.

പിറ്റേവര്‍ഷം മുതല്‍ തിരുവോണത്തിനുള്ള സദ്യവട്ടവുമായി ഭട്ടതിരി മങ്ങാട്ട് ഇല്ലത്തില്‍ നിന്നും വള്ളത്തില്‍ ആറന്‍മുളയിലേക്ക് തിരിക്കും. ഈ തോണിയാണ് തിരുവോണത്തോണി എന്നറിയപ്പെട്ടത്. ഒരിക്കല്‍ തിരുവോണത്തോണിയില്‍ ആറന്‍മുളയിലേക്ക് യാത്ര തിരിച്ച ഭട്ടതിരിയെ വഴിയില്‍ വച്ച് കൊള്ളക്കാര്‍ ആക്രമിച്ചു.


സംഭവമറിഞ്ഞ് കരക്കാര്‍ വള്ളങ്ങളിലെത്തി ഭട്ടതിരിയ്ക്കും തിരുവോണത്തോണിയ്ക്കും സംരക്ഷണം നല്കി. അടുത്ത വര്‍ഷങ്ങളില്‍ തിരുവോണത്തോണിയ്ക്ക് അകമ്പടി സേവിയ്ക്കാന്‍ ഉയര്‍ന്ന അമരവും അണിയവുമായി പണി കഴിപ്പിച്ച പോര്‍വള്ളങ്ങളായ ചുണ്ടന്‍ വള്ളങ്ങള്‍ എത്തി.


ഇവയാണ് ആറന്‍മുള പള്ളിയോടങ്ങള്‍. ഇതിനിടെ മങ്ങാട്ടില്ലത്ത് താമസം തുടര്‍ന്നു പോകാന്‍ തടസ്സങ്ങളുണ്ടായപ്പോള്‍ ഭട്ടതിരി കുമാരനെല്ലൂരിലെ കാര്‍ത്യായനി ക്ഷേത്രത്തിനു സമീപം ഇല്ലം കെട്ടി അങ്ങോട്ടു മാറി. അന്നു മുതല്‍ കുമാരനെല്ലൂര്‍ മനയില്‍ നിന്നുമാണ് തിരുവോണത്തോണി പുറപ്പെടുക.

ചിങ്ങമാസത്തിലെ മൂലം നാളില്‍ കുമാരനെല്ലൂരിലെ ഇല്ലത്തു നിന്നും മൂത്ത ഭട്ടതിരി ചുരുളന്‍ വള്ളത്തില്‍ യാത്ര പുറപ്പെടും.

ഈ യാത്ര ആറന്‍മുള കാട്ടൂരിലെത്തുന്നതോടെ കരക്കാര്‍ ആഘോഷത്തോടെ സ്വീകരിക്കുന്നു. പിന്നീട് അലങ്കരിച്ച വലിയ തിരുവോണത്തോണിയിലേക്ക് മാറ്റുകയും, കുമാരനെല്ലൂരില്‍ നിന്ന് വന്ന വള്ളം അകമ്പടി സേവിക്കുകയും ചെയ്യും. 

Advertisment