മലയാളിയുടെ സ്വന്തം ആഘോഷമായ ഓണം കേരളത്തിന്റെ ഭൂമിശാസ്ത്ര അതിർത്തിയും കടന്ന് ആഗോള ആഘോഷമായി മാറിയിട്ട് കാലങ്ങളേറെയായി. മലയാളികളാണ് ഓണാഘോഷത്തിന് തുടക്കം കുറിച്ചത് എന്നാണ് ഐതിഹ്യമെങ്കിലും അതിനേക്കാൾ വളരെ മുൻപേ തമിഴ്നാട്ടിലും ഓണാഘോഷം നടന്നിട്ടുള്ളതായി സംഘകാല കൃതികൾ വെളിപ്പെടുത്തുന്നു. ഓണത്തെക്കുറിച്ചുളള ആദ്യപരാമർശങ്ങൾ സംഘകാലകൃതിയായ 'മധുരൈകാഞ്ചി'യിൽ കണ്ടെത്തിയിട്ടുണ്ട്. പണ്ട് വിദേശകപ്പലുകൾ സുഗന്ധദ്രവ്യ വ്യാപാരത്തിനായി കേരളത്തിൽ എത്തിയിരുന്നത് ചിങ്ങമാസത്തിലായിരുന്നു. വിദേശത്ത് നിന്ന് സ്വർണ്ണം എത്തിച്ചിരുന്ന ചിങ്ങ മാസത്തെ പൊന്നിൻ ചിങ്ങമാസമെന്നും ഓണത്തെ പൊന്നോണമെന്നും വിശേഷിപ്പിക്കാൻ തുടങ്ങി. ഓണത്തിന്റെ ആവിർഭാവത്തെ പറ്റി ധാരാളം കഥകളും വ്യാഖ്യാനങ്ങളും നിലവിലുണ്ടെങ്കിലും മലയാളിക്ക് ഒത്തുകൂടാനും ജീവിതം പങ്ക് വയ്ക്കാനും ഇത് പോലെ വേറൊരു അവസരമുണ്ടായിട്ടില്ല.
ഓണവുമായി ബന്ധപ്പെട്ട ഐതിഹ്യത്തിൻറെയും അനുഷ്ഠാനത്തിന്റെയും ആസ്ഥാനം എറണാകുളം ജില്ലയിലെ തൃക്കാക്കരയാണ്. അസുരരാജാവായ മഹാബലിയെ വാമനാവതാരം ചവിട്ടി താഴ്ത്തിയ അഥവാ മഹാബലിക്കു മോക്ഷം ലഭിച്ച സ്ഥലമാണ് തൃക്കാക്കര. തൃക്കാക്കരയിൽ ഇന്ന് കാണുന്ന ക്ഷേത്രം പരശുരാമൻ സൃഷ്ടിച്ചതെന്നാണ് ഐതിഹ്യം. ഭാരതത്തിൽ തന്നെ വാമനപ്രതിഷ്ഠയുള്ള ചുരുക്കം ക്ഷേത്രങ്ങളിൽ ഒന്നാണിത്.
കേരളത്തിലെ പ്രാചീന ചരിത്രവും സംസ്കാരവും കൂടിച്ചേർന്ന് രൂപപ്പെട്ടതാണ് ഓണവുമായി ബന്ധപ്പെട്ട ആഘോഷങ്ങളും അനുഷ്ഠാനങ്ങളും. കാർഷികമായി മലയാളികൾക്ക് ഉണ്ടായിരുന്ന പെരുമ ഓണസദ്യയുടെ സമൃദ്ധിയിൽ കാണാവുന്നതാണ്. കൃഷിയുമായി ബന്ധപ്പെട്ടും ഓണത്തിന് വ്യാഖ്യാനങ്ങളുണ്ട്. ഭൂമിയിൽ ആഴ്ന്ന്കിടന്ന് വർഷത്തിലൊരിക്കൽ മാത്രം മുളയ്ക്കുന്ന വിത്തിന്റെ ദേവതാ രൂപം ആണത്രേ മഹാബലി. കൃഷിസ്ഥലത്ത് നിന്നെടുക്കുന്ന ചുടാത്ത മണ്ണിലാണ് തൃക്കാക്കരയപ്പന്റെ രൂപം ഉണ്ടാകുന്നത്.
ഓണാഘോഷം ആരംഭിച്ചത് തൃക്കാക്കരക്ഷേത്രത്തിൽ നിന്നാണ് എന്ന് ചരിത്രം പറയുന്നു. 64 നാടുവാഴികൾ ചേർന്നായിരുന്നു ആഘോഷങ്ങൾ നടത്തിയിരുന്നത്. അന്നത്തെ ഓണാഘോഷം ഒരു മാസം നീണ്ടിരുന്നു. അവസാന പത്ത് ദിവസമാണ് ആഘോഷം പാരമ്യത്തിൽ എത്തുക. എന്നാൽ എഡി പന്ത്രണ്ടാം നൂറ്റാണ്ടോടെ ചേര സാമ്രാജ്യത്തിന് തകർച്ച സംഭവിക്കുകയും ഓണാഘോഷത്തിന് മാറ്റ് കുറയുകയും ചെയ്തു. ഇതോടെ തൃക്കാക്കരക്ഷേത്രത്തിൽ ഓണാഘോഷം നടത്തുന്നതിന് പകരം ഓരോ വീടുകളെയും ആഘോഷ കേന്ദ്രങ്ങളാക്കി അന്നത്തെ ജനത മാറ്റിയെടുത്തു.