ഓണത്തിൽ ഏറ്റവും മഹാബലിയോടൊപ്പം പ്രാധാന്യമുള്ള ഒന്നാണ് തൃക്കാക്കരയപ്പനും. ഉത്രാടം നാളിലാണ് തൃക്കാക്കരയപ്പനെ വരവേൽക്കാറുള്ളത്. തൃക്കാക്കരയപ്പന് ഓണത്തപ്പൻ എന്നും പേരുണ്ട്. ഓണത്തിന് അത്തപ്പൂക്കളങ്ങൾ ഒരുക്കുന്നത് തൃക്കാക്കരയപ്പനെ വരവേൽക്കാനാണ് എന്നതാണ് വിശ്വാസം. അതിനാലാണ് ഓണത്തിന് അത്തപൂക്കളം ഒരുക്കുമ്പോൾ ഓണത്തപ്പനെയും വെക്കുന്നത്. തൃക്കാക്കരയപ്പനെ ആരാധിക്കുന്നതും പൂജിക്കുന്നതും ഓണത്തിന്റെ ഒഴിച്ച് കൂടാനാകാത്ത ആചാരങ്ങളിൽ ഒന്നാണ്. അത്തപൂക്കളത്തിൽ ഓണത്തപ്പനെ വരവേൽക്കാൻ ഓണത്തപ്പന്റെ രൂപം വെക്കുന്ന ചടങ്ങിനെ മതേര് വെക്കുക എന്നാണ് പറയാറുള്ളത്. എന്നാൽ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ ഈ ചടങ്ങിന് മറ്റ് പേരുകളും പറയാറുണ്ട്.
തൃക്കാക്കരയപ്പനെ കുറിച്ചുള്ള ഐതിഹ്യങ്ങൾ
ഈ തൃക്കാക്കരയപ്പൻ വാമനൻ പാതാളത്തിലേക്ക് ചവിട്ടിതാഴ്ത്തിയ മാവേലി ആണെന്നാണ് കൂടുതൽ പേർക്കിടയിലും നിലനിൽക്കുന്ന ഒരു ഐതിഹ്യം. എന്നാൽ ഇതിന് എതിർ അഭിപ്രായമുള്ള നിരവധി പേരുണ്ട്. ഇത് പാതാളത്തിലേക്ക് മാവേലിയെ ചവിട്ടിതാഴ്ത്തിയ വാമനനാണെന്ന് ചിലർ വിശ്വസിക്കുന്നത്. എന്നാൽ ഇതൊന്നുമല്ല തൃക്കാക്കരയപ്പനെ കുറിച്ചുള്ള ഐതിഹ്യമെന്നാണ് ചിലരുടെ വാദം. തൃക്കാക്കര അമ്പലത്തിൽ ഉത്സവത്തിന് പോകാൻ കഴിയാത്തവർ വീടുകളില്‍ തൃക്കാക്കരയപ്പനെ പ്രതിഷ്ഠിക്കണമെന്നും ആഘോഷങ്ങൾ നടത്തണമെന്ന് കേരള ചക്രവര്‍ത്തിയായ പെരുമാള്‍ കല്പിച്ചതിനെ തുടർന്നാണ് ഈ ആചാരം നിലവിൽ വന്നതെന്ന് മറ്റൊരു ഐതീഹ്യം. എന്നാൽ ആളുകൾക്ക് തൃക്കാക്കര ക്ഷേത്രത്തിൽ എത്താൻ കഴിയാത്തത് കൊണ്ട് വീട്ടിൽ പൂക്കളം ഒരുക്കി ആരാധിച്ചാൽ മതിയെന്ന് തൃക്കാക്കരയപ്പൻ തന്നെ അരുൾ ചെയ്തതായി വിശ്വസിക്കുന്നവരും ഉണ്ട്. അതിനാലാണ് ഇപ്പഴും ഈ ആചാരം തുടർന്ന് വരുന്നതെന്നാണ് അവർ പറയുന്നത്.
ചില വിശ്വാസികൾ അത്തപൂക്കളത്തിനൊപ്പം തൃക്കാക്കരപ്പനെ മാത്രമാണ് കുടിയിരുത്താറുള്ളത്. അത്തപ്പൂക്കളം ഒരുക്കുന്നത് തൃക്കാക്കരയപ്പൻ വേണ്ടി മാത്രമാണെന്നാണ് ഇവരുടെ വിശ്വാസം. എന്നാൽ മറ്റു ചിലർ അത്തപൂക്കളത്തിനൊപ്പം മഹാബലിയെയും കുടിയിരുത്താറുണ്ട്. മുത്തശ്ശിയമ്മ, കുട്ടിപട്ടര്, അമ്മി , ആട്ടുകല്ല് തുടങ്ങിയവർക്ക് ഒപ്പമാണ് മഹാബലിയെ കുടിയിരുത്തുന്നത്. മഹാബലിയെ തിരുവോണം നാളിലാണ് കുടിയിരുത്തുന്നത്. ഉത്രാട നാളിലാണ് തൃക്കാക്കരയപ്പനെ വീട്ടുമുറ്റത്ത് കുടിവെക്കുന്നത്.
കളിമണ്ണ് കൊണ്ടാണ് സാധാരണയായി തൃക്കാക്കരയപ്പനെ ഉണ്ടാക്കുന്നത്. മണ്ണ് കുഴച്ച് നല്ലവണ്ണം അടിച്ച് പതം വരുത്തിയാണ് ഓണത്തപ്പനെ ഉണ്ടാക്കുന്നത്. ഓണത്തപ്പന് നിറം വരുത്താൻ മണ്ണ് കുഴക്കുമ്പോൾ ഇഷ്ടിക പൊടിയും ചേർക്കും. 5 തൃക്കാക്കരയപ്പൻമാരെയാണ് സാധാരണയായി കുടിവെക്കുന്നത്. ഉത്രാടദിവസം നാക്കിലയിൽ വേണം ഓണത്തപ്പനെ കുടിയിരുത്താൻ എന്നാണ് വിശ്വാസം. നടുവിൽ ഒരു വലിയ ഓണത്തപ്പനെയും ഇരുഭാഗത്തുമായി രണ്ട കുഞ്ഞ് ഓണത്തപ്പൻമാരെയും കുടിയിരുത്തും. ഓണത്തപ്പന് അരിമാവ് കൊണ്ട് കൃഷ്ണ കിരീടം ഒരുക്കണം. പിന്നെ തുമ്പ, ചെമ്പരത്തി, ചെണ്ടുമല്ലി എന്നിവ കൊണ്ട് അലങ്കരിക്കണം. ഓണത്തിന് തുമ്പ പൂവിന് വളരെയധികം പ്രാധാന്യം ഉണ്ട്. ഇതുകൂടാതെ ഓണത്തപ്പനൊപ്പം ചെമ്പരത്തി പൂവും കുത്തിവെക്കണം.
ശര്‍ക്കരയും പഴവും തേങ്ങയും ചേർത്തുണ്ടാക്കിയ അട വേണം ഓണത്തപ്പന് നേദിക്കാൻ. ചിലർ അടയിൽ ശർക്കര ചേർക്കാതെ പഞ്ചസാര ചേർത്തും നേദിക്കും. ഇതിനൊപ്പം പൂവട നേദിക്കുന്നതും ഗുണകരമാണ്. ഒന്നാം ഓണം മുതൽ അഞ്ചാം ഓണം വരെ ഓണത്തപ്പനെ പൂജിക്കണം. എന്നും രാവിലെയും വൈകിട്ടുമാണ് പൂജകൾ നടത്തേണ്ടത്.