നെയ്മർ മടങ്ങി, പിന്നാലെ ക്രിസ്റ്റ്യാനോയും; പുള്ളാവൂരിലെ പുഴയിൽ മെസി തനിച്ചായി !

author-image
സ്പോര്‍ട്സ് ഡസ്ക്
Updated On
New Update

publive-image

ഖത്തറിൽ ലോകകപ്പ് ആരംഭിച്ചപ്പോൾ കോഴിക്കോട് ജില്ലയിലെ പുള്ളാവൂർ പുഴയിൽ ഉയർന്ന കട്ടൗട്ടുകളായിരുന്നു ശ്രദ്ധ നേടിയത്‌. ആദ്യം പുഴയിൽ ഉയർന്നത് മെസിയുടെ കട്ടൗട്ടായിരുന്നു . പിന്നാലെ  നെയ്മറും ക്രിസ്റ്റ്യാനോയുമെല്ലാം പുഴയിൽ നെഞ്ചുവിരിച്ച് നിന്നു. ഒടുവിൽ, ഖത്തറിൽ നിന്ന് തിരികെ കേരളത്തിലെത്തുമ്പോൾ പുള്ളാവൂരിലെ ആ പുഴയിൽ മെസി തനിച്ചായിരിക്കുകയാണ്. നെയ്മറെയും, റൊണാള്‍ഡോയുടെയും ചിത്രങ്ങള്‍ നീക്കം ചെയ്ത് പുള്ളാവൂര്‍ പുഴയില്‍ മെസിയുടെ കട്ടൗട്ട് മാത്രമുള്ള എഡിറ്റഡ് ചിത്രങ്ങള്‍ ഇപ്പോള്‍ നവമാധ്യമങ്ങളില്‍ വൈറലാണ്.

Advertisment

ആദ്യ മത്സരത്തിൽ സൗദിയോട് പരാജയപ്പെട്ട് അർജന്റീന നിരാശപ്പെടുത്തിയെങ്കിലും സെമി ചിത്രങ്ങൾ തെളിഞ്ഞു വരുമ്പോൾ ആദ്യം ഇടം നേടിയത് അർജന്റീനയാണ്. ആദ്യ ക്വാർട്ടർ മത്സരത്തിൽ ക്രൊയേഷ്യയോട് ജീവന്മരണ പോരാട്ടം നടത്തിയെങ്കിലും നെയ്മറിന്റേയും റിച്ചാര്ലിസന്റേയും ബ്രസീൽ ലോകകപ്പിനോട് കണ്ണീരോടെ വിടപറഞ്ഞു.

പരാജിതനായി കരഞ്ഞു കൊണ്ടുള്ള നെയ്മറിന്റെ മടക്കം ബ്രസീൽ ആരാധകരുടെ മനസ്സിൽ അടുത്ത നാല് വർഷവും വിങ്ങുന്ന ചിത്രമായിരിക്കും. രണ്ടാമത് നടന്ന ക്വാർട്ടർ മത്സരത്തിൽ നെതർലൻഡിന് മുമ്പിൽ അൽപം വിയർത്തെങ്കിലും അർജന്റീന സെമിയിലെത്തി.

നെയ്മറിന്റെ കാര്യത്തിൽ തീരുമാനമായതോടെ ആരാധകർ ഉറ്റുനോക്കിയത് പോർച്ചുഗൽ-മൊറോക്കോ പോരാട്ടമായിരുന്നു. മത്സരം തുടങ്ങുമ്പോൾ ബെഞ്ചിലായിരുന്ന ക്രിസ്റ്റ്യാനോ 51ാം മിനുട്ടിൽ ഇറങ്ങിയെങ്കിലും മൊറോക്കൻ ശക്തിക്ക് മുന്നിൽ അടിപതറി വീണു.

സെമി പോലും കാണാതെ തന്റെ അവസാന ലോകകപ്പിൽ നിന്നും വിടപറഞ്ഞു പോകുന്ന ക്രിസ്റ്റ്യാനോ ആയിരിക്കും ഈ ലോകകപ്പിൽ ഏറ്റവും കൂടുതൽ ഓർത്തുവെക്കപ്പെടുന്നത്. ഒടുവിൽ പുള്ളാവൂരിലെ ആ പുഴയിൽ മെസി തനിച്ചായിരിക്കുകയാണ്.

Advertisment