എല്‍എസ്എടി – ഇന്ത്യ നിയമപ്രവേശന പരീക്ഷ മാര്‍ച്ച് 25ന്; ജിന്‍ഡാല്‍ ഗ്ലോബല്‍ ലോ സ്‌കൂള്‍ 2021-22 അദ്ധ്യയന വര്‍ഷത്തിലേക്കുളള പ്രവേശന നടപടികള്‍ ആരംഭിച്ചു

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Monday, February 8, 2021

തിരുവനന്തപുരം: രാജ്യത്തെ പ്രമുഖ നിയമ സര്‍വ്വകലാശാലകളിലൊന്നായ ജിന്‍ഡാല്‍ ഗ്ലോബല്‍ ലോ സ്‌കൂള്‍, 2021-22 അദ്ധ്യയന വര്‍ഷത്തിലേക്കായി നടത്തുന്ന എല്‍എസ്എടി – ഇന്ത്യ നിയമ പ്രവേശന പരീക്ഷ ദേശീയ തലത്തില്‍ മാര്‍ച്ച് 25 ന് നടത്തും. മാര്‍ച്ച് 14 നകം അപേക്ഷ സമര്‍പ്പിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പൂര്‍ണ്ണമായും ഓണ്‍ലൈന്‍ റിമോട്ട്-നിര്‍മ്മിതബുദ്ധി സാങ്കേതിക വിദ്യയില്‍ അധിഷ്ഠിതമായി സംഘടിപ്പിക്കുന്ന പരീക്ഷയില്‍ വീട്ടിലിരുന്ന് പങ്കെടുക്കാം.

ഒ പി ജിന്‍ഡാല്‍ കല്പിത സര്‍വ്വകലാശാലയ്ക്ക് കീഴിലുള്ള ജിന്‍ഡാല്‍ ലോ സ്‌കൂളിലെ 2021-22 അദ്ധ്യയന വര്‍ഷത്തിലെ വിവിധ പ്രോഗ്രാമുകളിലേക്കുള്ള പ്രവേശന നടപടികള്‍ ഫെബ്രുവരി ഒന്നുമുതല്‍ ആരംഭിച്ചു.

2020ലെ ക്യു എസ് റാങ്കിംഗ് പ്രകാരം നിയമ സര്‍വ്വകലാശാലകളില്‍ ദക്ഷിണേഷ്യയിലെ തന്നെ ഏറ്റവും മികച്ച യൂണിവേഴ്‌സിറ്റിയായി തെരഞ്ഞെടുക്കപ്പെട്ട ജിന്‍ഡാല്‍ ഗ്ലോബല്‍ ലോ സ്‌കൂള്‍ പ്ലസ്ടു കഴിഞ്ഞ വിദ്യാര്‍ത്ഥികള്‍ക്കായി ബിഎ എല്‍എല്‍ബി (ഓണേഴ്‌സ്), ബിബിഎ എല്‍എല്‍ബി (ഓണേഴ്‌സ്), ബിഎ എല്‍എല്‍ബി (ഓണേഴ്‌സ്) ഇന്‍ ലീഗല്‍ സ്റ്റഡീസ് എന്നീ കോഴ്‌സുകളും ബിരുദ പഠനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികള്‍ക്കായി ത്രിവത്സര എല്‍എല്‍ബി, എല്‍എല്‍എം കോഴ്‌സുകളുമാണ് വാഗ്ദാനം ചെയ്യുന്നത്.

ഇത്തവണ മാര്‍ച്ചില്‍ നടക്കുന്ന ആദ്യഘട്ട പരീക്ഷയില്‍ തന്റെ കഴിവിന്റെ പരമാവധി നല്‍കാന്‍ കഴിയാതെപോയ വിദ്യാര്‍ത്ഥികള്‍ക്ക് ജൂണില്‍ നടക്കുന്ന രണ്ടാംഘട്ട പരീക്ഷയിലൂടെ അവരുടെ സ്‌കോര്‍ മെച്ചപ്പെടുത്താനും ഇതുവഴി അടുത്ത വര്‍ഷം വരെയുള്ള അവരുടെ കാത്തിരിപ്പ് ഒഴിവാക്കുവാനുമള്ള അവസരം കൂടിയുണ്ടാകുമെന്ന് 202122 വര്‍ഷത്തിലേക്കുള്ള പ്രവേശന നടപടി ക്രമങ്ങള്‍ വിശദീകരിച്ചു കൊണ്ട് ഒ പി ജിന്‍ഡാല്‍ യൂണിവേഴ്‌സിറ്റി സ്ഥാപക വൈസ്ചാന്‍സലറും ജിന്‍ഡാല്‍ ഗ്ലോബല്‍ ലോ സ്‌കൂളിന്റെ ഡീനുമായ പ്രൊഫ. സി രാജ് കുമാര്‍ പറഞ്ഞു.

2009 ല്‍ ജിന്‍ഡാല്‍ ഗ്ലോബല്‍ സ്‌കൂളിന്റെ ആദ്യ അദ്ധ്യയന വര്‍ഷം ആരംഭിക്കുന്നതിന്റെ ഭാഗമായാണ് എല്‍എസ്എടി ഇന്ത്യ പ്രവേശന പരീക്ഷ ആരംഭിക്കുന്നത്. അമേരിക്കയിലെ പെന്‍സില്‍വാനിയ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ലോ സ്‌കൂള്‍ അഡ്മിനിസ്ട്രേഷന്‍ കൗണ്‍സില്‍ (എല്‍.എസ്.എ.സി) ന്റെ നേതൃത്വത്തിലാണ് എല്‍എസ്എടി ഇന്ത്യ ടെസ്റ്റ് നടത്തുന്നത്.

അമേരിക്ക, കാനഡ, ഓസ്‌ട്രേലിയ, എന്നിവിടങ്ങളില്‍ നിന്നുള്ള 200 ലധികം ലോകത്തിലെ തന്നെ മികച്ച ലോ സ്‌കൂളുകളിലേക്കുള്ള പ്രവേശന പരീക്ഷയായ എല്‍എസ്എടി ടെസ്റ്റ് 1947 മുതലാണ് എല്‍എസ്എസിയുടെ നേതൃത്വത്തില്‍ നടത്തി വരുന്നത്. 35 മിനിട്ട് വീതമുള്ള നാല് സെഷനുകളിലായി ലോജിക്കല്‍ റീസണിങ്, അനലിറ്റിക്കല്‍ റീസണിങ്, റീഡിങ്, കോംപ്രിഹെന്‍ഷന്‍ എന്നീ വിഭാഗങ്ങളിലായാണ് ചോദ്യങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്.

രണ്ട് മണിക്കൂര്‍ 20 മിനിട്ട് ദൈര്‍ഘൃമുള്ള ഒബ്ജക്ടീവ് മാതൃകയിലുള്ള പരീക്ഷ കോവിഡ്- 19 പശ്ചാത്തലത്തിലാണ് പൂര്‍ണമായി ഓണ്‍ലൈന്‍ നിര്‍മ്മിത ബുദ്ധി സാങ്കേതിക വിദ്യയിലധിഷ്ഠിതമായി സംഘടിപ്പിക്കുന്നത്.

വിദ്യാര്‍ത്ഥികള്‍ക്ക് എന്ന വെബ്‌സൈറ്റിലൂടെ എല്‍എസ്എടി 2021 പ്രവേശനപരീക്ഷക്കായി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. വിദ്യാര്‍ത്ഥികള്‍ക്ക് ഇതേ വെബ്‌സൈറ്റില്‍ നിന്നും മുന്‍വര്‍ഷ ചോദ്യപ്പേപ്പറുകള്‍ ഡൗണ്‍ലോഡ് ചെയ്യാവുന്നതുമാണ് http://www.discoverlaw.in

×