ഓര്‍ഡിനന്‍സില്‍ ഭേദഗതി ആലോചിക്കാം - സംസ്ഥാന സര്‍ക്കാര്‍

New Update

publive-image

Advertisment

തിരുവനന്തപുരം: ശ്രീനാരായണ ഓപ്പണ്‍ സര്‍വകലാശാല, ഓപ്പണ്‍ സര്‍വകലാശാല ഓര്‍ഡിനന്‍സില്‍ ഭേദഗതി ആലോചിക്കാം എന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ബിന്ദു നിയമസഭയില്‍ പറഞ്ഞു.

യുജിസി അംഗീകാരം ഇല്ലാത്തത് കൊണ്ട് കോഴ്‌സ് തുടങ്ങാനാകുന്നില്ലെന്ന് ചൂണ്ടിക്കാട്ടി നിയമസഭയില്‍ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു മന്ത്രി. സര്‍വകലാശാലക്ക് യുജിസി അംഗീകാരം ഉണ്ട് എന്ന് മന്ത്രി അറിയിച്ചു.

20 ബിരുദ കോഴ്‌സുകളും 7 പി ജി കോഴ്‌സുകളും സര്‍വകലാശാലക്ക് കീഴില്‍ ഉടന്‍ തുടങ്ങുമെന്നും ഇതിനു ആവശ്യമായ ഭൗതിക സാഹചര്യം ഒരുക്കുമെന്നും മന്ത്രി സഭയെ അറിയിച്ചു. ഇതിനായി ബജറ്റില്‍ 10 കോടി അധികമായി വക ഇരുത്തിയിട്ടുണ്ട്.

കോവിഡ് കാരണമാണ് കോഴ്‌സിന് അപേക്ഷിക്കാനുള്ള പോര്‍ട്ടല്‍ തുറക്കാന്‍ കഴിയാത്തതെന്നും ഒക്ടോബര്‍ മാസത്തില്‍ വിദൂര വിദ്യാഭ്യാസ പ്രവേശന നടപടി തുടങ്ങുമെന്നും മന്ത്രി പറഞ്ഞു.

ശ്രീനാരായണ ഓപ്പണ്‍ സര്‍വകലാശാലക്ക് അംഗീകാരം ആയില്ലെന്ന മാധ്യമ വാർത്തകളെ തുടര്‍ന്നാണ് പ്രതിപക്ഷം നിയമസഭയില്‍ അടിയന്തിര പ്രമേയം കൊണ്ടുവന്നത്. ഈ വര്‍ഷവും കോഴ്‌സ് തുടങ്ങാന്‍ കഴിയില്ലെന്നും സ്ഥാപനത്തില്‍ ഒരു സൗകര്യവും ഒരുക്കിയിട്ടില്ലെന്നും കെ ബാബു ആരോപിച്ചു.

നിയമനങ്ങളില്‍ മാത്രമാണ് സര്‍ക്കാര്‍ ശ്രദ്ധ കേന്ദ്രീകരിച്ചത്. സര്‍ക്കാരിന് താല്‍പര്യമുള്ള ആളുകളെ നിയമിച്ചു. എന്തുകൊണ്ടാണ് സര്‍വകാലാശാലാ നിയമനങ്ങള്‍ പിഎസ്എസിക്ക് വിടാന്‍ സര്‍ക്കാര്‍ തയ്യാറാകാത്തതെന്ന് മനസിലാകുന്നില്ല. ഫിഷറീസ് സര്‍വകലാശാലയില്‍ ബന്ധു നിയമനം ആണ് നടന്നത്. അമ്മിക്കല്ലിന് കാറ്റ് പിടിച്ച പോലുള്ള ഈ ഇരിപ്പ് അവസാനിപ്പിക്കണമെന്ന കെ ബാബുവിന്റെ പരാമര്‍ശം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സഭയില്‍ ഭരണപക്ഷ നിര ബഹളം വച്ചു.

വിദ്യാര്‍ത്ഥികള്‍ മറ്റ് സംസ്ഥാനങ്ങളിലേക്ക് മാറുകയാണ്. തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് നടത്തിയ തിരക്കിട്ട നടപടികളാണ് സര്‍വകലാശാലയുടെ ദുരവസ്ഥക്ക് കാരണമെന്നും കെ ബാബു ആരോപിച്ചു. ഈ വര്‍ഷം വിദൂര വിദ്യാഭ്യാസ രംഗത്ത് നില നില്‍ക്കുന്നത് വലിയ അനിശ്ചിതത്വമാണ്.

മറ്റ് സര്‍വകലാശാലകള്‍ക്ക് വിദൂര പഠനം തുടങ്ങാന്‍ അനുമതി നല്‍കണം. അതേസമയം പോര്‍ട്ടല്‍ തുറക്കാന്‍ താമസിക്കുന്നത് മാത്രമാണ് പ്രശ്‌നമെന്നും അതിനിയും നീണ്ടു പോകുകയാണെങ്കില്‍ മറ്റ് സര്‍വകലാശാലകള്‍ക്ക് വിദൂര വിദ്യാഭ്യാസ അനുമതി നല്‍കുന്ന കാര്യം പരിഗണിക്കാമെന്നും മന്ത്രി ആവര്‍ത്തിച്ചു.

ordinance R BINDU STATEMENT
Advertisment