/sathyam/media/post_attachments/ZqzwvgRPJ0ggKsndXO3P.jpg)
കോങ്ങാട്: ജീവിതത്തോട് ഏറ്റവും ചേർന്നിരിക്കുന്ന സൗന്ദര്യമുള്ള ഒന്നാണ് മഴ. ഇഷ്ടം തോന്നിയാൽ, വിരഹം വന്നാല്‍,പ്രണയം തോന്നിയാല്‍, സ്നേഹം പങ്കിടുമ്പോൾ, കുട്ടിക്കാലം തെളിയുമ്പോൾ, എല്ലാം മഴ ഓർമയിലെത്തുന്നു. അതുകൊണ്ടാണ് സിനിമയിലും സാഹിത്യത്തിലുമെല്ലാം മഴയെ ധാരാളമായി ഉപയോഗിക്കുന്നതും. ആർക്കും വല്ലാത്തൊരു ഫീൽ തരുന്ന ഗൃഹാതുരതയുണര്‍ത്തുന്ന മഴയുടെ പശ്ചാത്തലത്തിൽ ഉണ്ണി വരദം സംവിധാനം ചെയ്യുന്ന വേറിട്ട വീഡിയോ സംഗീത ആൽബമാണ് ഓർമ മഴ.
സഹ സംവിധാനം ജയേന്ദ്ര ശർമ. എല്ലാവരിലും പ്രത്യേകമായി സ്വാധീനം ചെലുത്തിയ കോവിഡ് പ്രതിസന്ധി കാലത്തെ മനുഷ്യർ തമ്മിലുള്ള സ്നേഹ ബന്ധങ്ങളെയും, അസുഖത്തിന്റെയും
ഒറ്റപ്പെടലിന്റെയും ആഴം തിരിച്ചറിയാനുള്ള അവസരമായും ഈ ഗാനം അടയാളപ്പെടുന്നു.
കേരളശ്ശേരി, തടുക്കശ്ശേരി പ്രദേശങ്ങളിലായി ഗാനത്തിന്റെ ചിത്രീകരണം തുടങ്ങി. എഴക്കാട് സെന്റ് ഡോമിനിക് സ്കൂൾ അധ്യാപിക രജനി എഴുതിയ വരികൾ ആലപിച്ചിരിക്കുന്നത് സരിഗമപയിലൂടെ തരംഗമായ ശ്രീജീഷ് ആണ്. സംഗീതം ഡോമിനിക് മാർട്ടിൻ. നിർമാണം എ സി എസ് ബിൽഡേഴ്സ്.
ചിത്രത്തിന്‍റെ ഛായാഗ്രഹണം സജിത്ത് ടി.സി. ആർട്ട് ശരത് നിർവഹിക്കുന്നു. പ്രൊഡക്ഷൻ കൺട്രോളർ അഭിജിത്ത് വി ആർ (അപ്പുമാ), ശ്രുതിൻ ശിവദാസ്, ശ്യാം ശേഖർ കളരിക്കൽ. ബാലതാരങ്ങൾ മീനാക്ഷി, ആദി ശങ്കർ. പ്രധാന കഥാപാത്രമായി അഭിനയിച്ചിരിക്കുന്നത് സുധീപ് ചെമ്മണ്ണൂർ, ദർശന മിഥുന മോഹൻ. സംഗീത ആൽബം സോഷ്യൽ മീഡിയ വഴി പ്രേക്ഷകരിലെത്തും.