അബഹ: കോവിഡുമായി ബന്ധപ്പെട്ട് ആതുര സേവന മേഖലയിൽ മികച്ച പ്രകടനം കാഴ്ചവെച്ച സിസ്റ്റർ ലതാരാജനെ ഇന്ത്യൻ സോഷ്യൽ ഫോറം ആദരിച്ചു. കൊറോണ മഹാമാരിയിൽ ഇന്ത്യക്കാർ ഉൾപ്പെടെയുള്ള അബഹയിലെ ഒട്ടേറെ വിദേശികൾക്ക് സിസ്റ്റർ ലതയുടെ സേവനം ലഭിച്ചിരുന്നു. അവർ ജോലി ചെയ്തിരുന്ന ആശുപത്രിയിലെ പല രോഗികൾക്കും വീട്ടിൽ നിന്ന് ഭക്ഷണം ഉണ്ടാക്കി കൊണ്ടുപോയി കൊടുത്ത് സഹായിക്കൽ പതിവായിരുന്നു.
/sathyam/media/post_attachments/sEd6Wkswf3vpdbnCRqAX.jpg)
ആതുര സേവന മേഖലയിൽ മികച്ച പ്രകടനം കാഴ്ചവെച്ച സിസ്റ്റർ ലതാരാജനെ ഇന്ത്യൻ സോഷ്യൽ ഫോറം മെമന്റോ നൽകി ആദരിക്കുന്നു.
ബൈപാസ്സ് സർജറി കഴിഞ്ഞ മുഹമ്മദെന്ന യു പി സ്വദേശിക്ക് ഒരു വർഷത്തേക്കുള്ള മരുന്നിന് പുറമെ ആശുപത്രി ജീവനക്കാരുടേയും മറ്റു സാമൂഹ്യ പ്രവർത്തകരുടേയും സഹകരണത്തോടെ സഹായധനം സമാഹരിച്ച് അവരുടെ കഷ്ടപ്പെടുന്ന വീട്ടുകാർക്ക് അയച്ച് കൊടുക്കാനും മുന്നിട്ടിറങ്ങിയത് സിസ്റ്റർ ലതയായിരുന്നു. അവരുടെ അഭ്യർത്ഥന പ്രകാരം ഇന്ത്യൻ സോഷ്യൽ ഫോറം ജിദ്ദ കോൺസുലേറ്റിൽനിന്ന് സംഘടിപ്പിച്ചു കൊടുത്ത സൗജന്യ ടിക്കറ്റിലാണ് ഓപ്പറേഷന് ശേഷം മുഹമ്മദ് വീൽ ചെയറിൽ നാട്ടിലേക്ക് മടങ്ങിയത്.
കോവിഡ് മഹാമാരി പ്രവാസികളെ ദുരിതത്തിൽ ആഴ്ത്തിയ സന്ദർഭത്തിലും അതിനു മുമ്പും ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന പ്രവാസികൾക്ക് വേണ്ടി തന്നാൽ കഴിയുന്ന സഹായങ്ങൾ ചെയ്യാൻ സിസ്റ്റർ ലത മുൻപന്തിയിൽ ഉണ്ടായിരുന്നതായി സോഷ്യൽ ഫോറം റീജിയണൽ പ്രസിഡന്റ് കോയ ചേലേമ്പ്ര അനുസ്മരിച്ചു.
പലപ്പോഴും രോഗികൾക്ക് വേണ്ട ഭക്ഷണമുൾപ്പെടെയുള്ള കാര്യങ്ങൾ സ്വന്തം ചിലവിൽ ചെയ്യാനും ആശുപത്രി അധികൃതരുമായി സംസാരിച്ചു പ്രവാസികളായ രോഗികൾക്ക് വേണ്ട സൗകര്യങ്ങൾ ഏർപ്പാട് ചെയ്യാനും അവർ ശ്രമിച്ചിട്ടുണ്ട്. ദൈവത്തിൽനിന്നും ഉള്ള പ്രതിഫലം മാത്രം ആഗ്രഹിച്ചു ഇത്തരം ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്ന ഇവർ മാതൃകാ വനിതയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞദിവസം അബഹയിൽ കോവിഡ് കാരണം ലളിതമായി നടത്തിയ ചടങ്ങിൽ ഇന്ത്യൻ സോഷ്യൽ ഫോറം റീജണൽ പ്രസിഡൻറ് കോയ ചേലേമ്പ്ര, ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് സാമൂഹ്യ ക്ഷേമ വിഭാഗം അംഗവും സോഷ്യൽ ഫോറം സ്റ്റേറ്റ് എക്സിക്യൂട്ടീവ് മെമ്പറുമായ ഹനീഫ് മഞ്ചേശ്വരം എന്നിവർ സംയുക്തമായി മെമെന്റൊ കൈമാറി. ജനറൽ സെക്രട്ടറി ഹനീഫ ചാലിപ്പുറം, അബഹ ബ്ലോക്ക് ഭാരവാഹികളായ മുഹമ്മദ് റാഫി പട്ടർപാലം, അബൂബക്കർ സഅദി നീലഗിരി, കബീർ കൊല്ലം എന്നിവർ ആശംസകളർപ്പിച്ചു. സിസ്റ്റർ ലതയുടെ അമ്മ ലില്ലിയും ഭർത്താവ് രാജുവും ചടങ്ങിൽ സംബന്ധിച്ചിരുന്നു.
കൊല്ലം കൊട്ടാരക്കര കരീപ്ര സ്വദേശിനി ആയ സിസ്റ്റർ ലത 26 വർഷമായി ആതുര സേവന മേഖലയിൽ പ്രവർത്തിക്കുന്നു. അബഹ പ്രൈവറ്റ് ഹോസ്പിറ്റൽ, അസീർ സെൻട്രൽ ഹോസ്പിറ്റൽ, അബഹ മെറ്റേർണിറ്റി ആൻഡ് ചിൽഡ്രൻസ് ഹോസ്പിറ്റൽ, അഹദ് റുഫൈദ ജനറൽ ഹോസ്പിറ്റൽ തുടങ്ങി വിവിധ ആശുപത്രികളിൽ പ്രവർത്തിച്ച സിസ്റ്റർ ലത ഇപ്പോൾ അബഹയിലെ പ്രിൻസ് ഫൈസൽ ബിൻ ഖാലിദ് കാർഡിയാക് ആശുപത്രിയിൽ സ്റ്റാഫ് നേഴ്സ് ആയി സേവനം അനുഷ്ടിച്ച് വരികയാണ്. അബഹ പാലസ് ഹോട്ടലിലെ സ്റ്റാഫ് ആയ രാജു ആണ് ഭർത്താവ്. മക്കൾ ഡോ. ബെറിൻ, ബെർലിൻ. ഏക സഹോദരി ലിനി സജി തബൂക്ക് കിംഗ് സൽമാൻ മിലിറ്ററി ആശുപത്രിയിൽ നേഴ്സ് ആണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us