പാലാ ജനറല്‍ ആശുപത്രി മാനേജിംഗ് കമ്മിറ്റിയിലെ തെരഞ്ഞെടുപ്പും തീരുമാനവും ചട്ടവിരുദ്ധം: റദ്ദാക്കണമെന്ന് മാനേജിംഗ് കമ്മിറ്റിയംഗം ബിജി ജോജോ

ന്യൂസ് ബ്യൂറോ, പാലാ
Monday, December 2, 2019

പാലാ : കഴിഞ്ഞയാഴ്ച നടന്ന പാലാ ജനറല്‍ ആശുപത്രി മാനേജിംഗ് കമ്മിറ്റി യോഗത്തില്‍ നടന്ന വോട്ടെടുപ്പ് ചട്ടവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി മാനേജിംഗ് കമ്മിറ്റിയംഗവും മുന്‍ നഗരസഭാധ്യക്ഷയുമായി ബിജി ജോജോ മാനേജിംഗ് കമ്മിറ്റി സെക്രട്ടറികൂടിയായ ആശുപത്രി സൂപ്രണ്ടിന് പരാതി നല്‍കി.

മാനേജിംഗ് കമ്മിറ്റികള്‍ക്കുള്ള ഗസറ്റ് വിജ്ഞാപനപ്രകാരമുള്ള നിയമാവലിയിലെ ബന്ധപ്പെട്ട വകുപ്പുകള്‍ ചൂണ്ടിക്കാട്ടിയാണ് ബിജി ജോജോ പരാതി നല്‍കിയിരിക്കുന്നത്. വോട്ടവകാശമില്ലാത്ത അംഗം വോട്ടെടുപ്പ് ആവശ്യപ്പെടുകയും വോട്ടവകാശം ഇല്ലാത്ത അഞ്ച് പേര്‍ വോട്ടെടുപ്പില്‍ പങ്കെടുത്തതായും ബിജി ജോജോ ആരോപിച്ചു. നിയമപരമല്ലാത്ത ഈ നടപടി റദ്ദാക്കി ഉത്തരവാക്കണമെന്നാണ് ബിജി ജോജോ പരാതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

വോട്ടെടുപ്പില്‍ പങ്കെടുത്തവര്‍ക്ക് ചട്ടപ്രകാരം വോട്ടവകാശം ഉണ്ടായിരുന്നില്ല. ചട്ടപ്രകാരം സ്ഥിരാഗംങ്ങളായി ഉള്‍പ്പെടുത്തപ്പെട്ടവര്‍ക്കും രാഷ്്രടീയകക്ഷി പ്രതിനിധികള്‍ക്കും വോട്ടവകശമില്ല. ഇതിന്‍പ്രകാരം സ്ഥിരാംഗങ്ങളായ എംപി, എംഎല്‍എ എന്നിവര്‍ക്കും വോട്ടവകാശമില്ലെന്നാണ് ബിജിയുടെ ആരോപണം. 2014 മാര്‍ച്ച് 14ന് പ്രസിദ്ധീകരിച്ച ചട്ടപ്രകാരം നഗരസഭാധ്യക്ഷ, ധനകാര്യ, ആരോഗ്യ, മരാമത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരും ആശുപത്രി പ്രദേശത്തെ കൗണ്‍സിലര്‍, നഗരസഭാ എന്‍ജിനീയര്‍, വൈദ്യുത വിഭാഗം, വാട്ടര്‍ അഥോറിട്ടി എന്‍ജിനീയര്‍മാര്‍, സൂപ്രണ്ട്, ആര്‍എംഒ എന്നിവര്‍ ഉള്‍പ്പെടുന്നതാണ് മാനേജിംഗ് കമ്മിറ്റി.

ഇവര്‍ക്ക് മാത്രമാണ് വോട്ടവകാശമുള്ളത്. മറ്റുള്ളവര്‍ സ്ഥിരാംഗങ്ങള്‍ മാത്രമാണ്. ജനറല്‍ ആശുപത്രിക്ക് പേരിടല്‍ സംബന്ധിച്ച് കഴിഞ്ഞ മെയ് 28ന് നടന്ന മാനേജിംഗ് കമ്മിറ്റിയില്‍ വോട്ടവകാശമുള്ള അംഗങ്ങള്‍ ചേര്‍ന്നെടുത്ത തീരുമാനം നിലനില്‍ക്കവേയാണ് പുതിയ തീരുമാനം എടുത്തതായി പ്രഖ്യാപിച്ചത്. ചട്ടം മറച്ചുവെച്ച് വോട്ടെടുപ്പിന് അനുമതി നല്‍കിയ നടപടി റദ്ദാക്കി മുന്‍തീരുമാനം നടപ്പാക്കണമെന്ന് ബിജി ജോജോ പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ജനറല്‍ ആശുപത്രിക്ക് കെ.എം. മാണിയുടെ പേരിടുന്നത് സംബന്ധിച്ച് പാലാ നഗരസഭാ കൗണ്‍സില്‍ എതിര്‍പ്പില്ലാതെ തീരുമാനം കൈക്കൊണ്ടിരുന്നതാണെന്നും ബിജി ജോജോ ചൂണ്ടിക്കാണിച്ചു.

×