കുവൈറ്റില്‍ ഗാര്‍ഹിക തൊഴിലാളികളുടെ പരാതികള്‍ കൈകാര്യം ചെയ്യുന്നത് അതീവ ഗൗരവത്തോടെ; ബ്രിട്ടീഷ് ദിനപ്പത്രത്തിന്റെ റിപ്പോര്‍ട്ടിനെതിരെ അധികൃതര്‍

ന്യൂസ് ബ്യൂറോ, കുവൈറ്റ്
Friday, October 30, 2020

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ ഗാര്‍ഹിക തൊഴിലാളികള്‍ക്ക് എല്ലാ സുരക്ഷയും ഉറപ്പാക്കുന്നുണ്ടെന്ന് പബ്ലിക് അതോറിറ്റി ഓഫ് മാന്‍പവര്‍ ഡയറക്ടര്‍ ജനറല്‍ ഡോ. മുബാറക് അല്‍ അസ്മി പറഞ്ഞു. കുവൈറ്റിലെ ഗാര്‍ഹിക തൊഴിലാളികളുമായി ബന്ധപ്പെട്ടുള്ള പ്രശ്‌നങ്ങളെക്കുറിച്ച് ബ്രിട്ടീഷ് ദിനപ്പത്രമായ ‘ഡെയ്‌ലി ടെലിഗ്രാഫ്’ പുറത്തുവിട്ട റിപ്പോര്‍ട്ടിനെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഗാര്‍ഹിക തൊഴിലാളികള്‍ നല്‍കുന്ന പരാതികള്‍ അതീവ ഗൗരവത്തോടെയാണ് കൈകാര്യം ചെയ്യുന്നതെന്നും ഏത് സാഹചര്യത്തിലും അവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മനുഷ്യാവകാശങ്ങളെ മാനിക്കാന്‍ കുവൈറ്റ് എപ്പോഴും ശ്രദ്ധിക്കാറുണ്ടെന്നും ആരോടും യാതൊരു തരത്തിലുള്ള വിവേചനവും കാണിക്കാറില്ലെന്നും അല്‍ അസ്മി പറഞ്ഞു.

ഗാര്‍ഹിക തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയും കുവൈറ്റിനെ കുറ്റപ്പെടുത്തിയുമുള്ള ഡെയ്‌ലി ഗെലിഗ്രാഫിന്റെ റിപ്പോര്‍ട്ട് തന്നെ ആശ്ചര്യപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു.

നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കാനും പ്രശ്‌നങ്ങള്‍ പരിഹരിക്കാനും എല്ലാ വകുപ്പുകളും കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും അല്‍ അസ്മി കൂട്ടിച്ചേര്‍ത്തു. എന്തെങ്കിലും പരാതിയുണ്ടെങ്കില്‍ തൊഴിലാളികള്‍ക്ക് അതോറിറ്റിയുടെ വെബ്‌സൈറ്റ്, ഹോട്ട്‌ലൈന്‍ നമ്പര്‍, അതോറിറ്റിയുടെ ഔദ്യോഗിക സോഷ്യല്‍ അക്കൗണ്ടുകള്‍ എന്നിവ വഴി പരാതിപ്പെടാവുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി.

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പോലും അതോറിറ്റി പരാതികള്‍ സ്വീകരിക്കുന്നുണ്ടായിരുന്നുവെന്നും അതില്‍ വിട്ടുവീഴ്ച നടത്തിയിട്ടില്ലെന്നും അല്‍ അസ്മി ചൂണ്ടിക്കാട്ടി.

×