കൊല്ലം: കരുനാഗപ്പള്ളി പുതിയകാവിനു പടിഞ്ഞാറ് പുന്നക്കുളംത്ത് ആളൊഴിഞ്ഞ പുരയിടത്തിൽ വിൽപ്പനയ്ക്കായി ഒളിപ്പിച്ച നിലയിൽ സൂക്ഷിച്ചിരുന്ന 8 ലക്ഷം രൂപ വിലവരുന്ന പുകയില ഉത്പന്ന ശേഖരം പിടികൂടി. ഈ പ്രദേശത്ത് വ്യാപകമായ കഞ്ചാവ് വിൽപ്പന നടക്കുന്നു എന്ന് രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് പ്രദേശം എക്സൈ സിന്റെ ഷാഡോസംഘം നിരീക്ഷണത്തിൽ ആയിരുന്നു.
കഴിഞ്ഞദിവസം പുത്തൻ തെരുവിന് പടിഞ്ഞാറ് ഭാഗത്ത് നിന്നും കഞ്ചാവ് കൈവശം വെച്ച കുറ്റത്തിന് രഞ്ജു കൃഷ്ണൻ, അജേഷ്, അഖിൽ ബാബു, സന്ദീപ് എന്നിവരെ എക്സൈസ് അറസ്റ്റ് ചെയ്തിരുന്നു. കരുനാഗപ്പള്ളി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പി ശിവപ്രസാദിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടന്ന റെയ്ഡിലാണ് പുകയില ഉൽപന്ന ശേഖരം പിടികൂടിയത്. 22 ചാക്കുകളിലായി 14000 പാക്കറ്റ് പാൻ മസാലയാണ് പിടികൂടിയത്. ഈ പാൻ മസാലയ്ക്ക് വിപണിയിൽ 8 ലക്ഷം രൂപ വിലവരും .
പാൻ മസാലയുടെ ഉടമയെ കുറിച്ച് വിവരം ലഭിച്ചിട്ടുണ്ട്. റെയ്‌ഡിൽ പ്രിവന്റി ഓഫീസർമാരായ പി.എ . അജയകുമാർ, എ. അജിത് കുമാർ, കെ. അംബികേശൻ സിവിൽ എക്സൈസ് ഓഫീസർമാരായ സന്തോഷ്, അനിൽ കുമാർ എന്നിവർ പങ്കെടുത്തു