പന്നിക്കോട്ടെ നിര്‍ധന കുടുംബത്തിന് ഒറ്റദിവസം കൊണ്ട് വൈദ്യുതി വെളിച്ചമെത്തിച്ച് വെല്‍ഫെയര്‍പാര്‍ട്ടി മാതൃക

New Update

കൊടിയത്തൂര്‍: കൊടിയത്തൂര്‍ ഗ്രാമപഞ്ചായത്തിലെ ഒമ്പതാം വാര്‍ഡില്‍പെട്ട പന്നിക്കോട്ടെ ശ്രീകാന്തിന്റെയും കുടുംബത്തിന്റയും കൂരയിലേക്ക് വൈദ്യുതി വെളിച്ചമെത്തിച്ച് വെല്‍ഫെയര്‍ പാര്‍ട്ടി കൊടിയത്തൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ പ്രവര്‍ത്തനം മാതൃക. വെല്‍ഫെയര്‍ പാര്‍ട്ടി തിരുവമ്പാടി മണ്ഡലം കമ്മിറ്റി അംഗം ശംസുദ്ദീന്‍ ചെറുവാടി ബള്‍ബ് പ്രകാശിപ്പിച്ച് സ്വിച്ച് ഓണ്‍ കര്‍മം നിര്‍വഹിച്ചു.

Advertisment

publive-image

പാര്‍ട്ടി നേതാക്കളും ടീം വെല്‍ഫെയര്‍ പ്രവര്‍ത്തകരും വെള്ളിയാഴ്ച രാവിലെ 6 മണി മുതല്‍ കര്‍മരംഗത്ത് സജീവമായിരുന്നു. വൈകീട്ട് 4 മണിക്ക് വെളിച്ചം കത്തിച്ച് കുട്ടികളുടെ ഓണ്‍ലൈന്‍ പഠനത്തിനുള്ള ടീവി ഓണ്‍ ചെയ്തതിനുശേഷമാണ് പ്രവര്‍ത്തകര്‍ പിരിഞ്ഞത്. മധുരം വിതരണം ചെയ്തും ആനന്ദക്കണ്ണീര്‍ പൊഴിച്ചുമാണ് വീട്ടുകാര്‍ സന്തോഷം പങ്കിട്ടത്.

വില്ലേജ് ഓഫീസിലും കെ.എസ്.ഇ.ബി ഓഫീസിലും കയറിയിറങ്ങി രേഖകള്‍ ശരിയാക്കുകയായിരുന്നു ആദ്യം. കെ.എസ്.ഇ.ബി എഞ്ചിനീയറുടെയും ജീവനക്കാരുടെയും മികച്ച പിന്തുണയും സഹകരണവും കാര്യങ്ങള്‍ എളുപ്പമാക്കിയെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി നേതാക്കള്‍ പറഞ്ഞു.

publive-image

ഈ കുടുംബത്തിന്റെ ദയനീയ ചിത്രം മാധ്യമങ്ങളില്‍ വന്ന സമയം തന്നെ പാര്‍ട്ടി നേതാക്കള്‍ സ്ഥലം സന്ദര്‍ശിച്ചിരുന്നു. 16 വര്‍ഷമായി ഈ കുടുംബം വീടും വെളിച്ചവുമില്ലാതെ കടുത്ത അവഗണനയില്‍ കഴിയുകയായിരുന്നു.സ്ഥലത്തിന്റെ രേഖകള്‍ ലഭ്യമാവുന്ന മുറക്ക് ഇവര്‍ക്കുള്ള വീട് മുക്കം ജനമൈത്രി പോലീസ് നിര്‍മ്മിച്ചു നല്‍കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

വെല്‍ഫെയര്‍ പാര്‍ട്ടി കൊടിയത്തൂര്‍ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ജ്യോതിബസു കാരക്കുറ്റി, മണ്ഡലം കമ്മിറ്റി അംഗങ്ങളായ ശംസുദ്ദീന്‍ ചെറുവാടി, റഫീഖ് കുറ്റ്യോട്ട്, ബാവ പവര്‍വേള്‍ഡ്, സിയാഉല്‍ ഹഖ്, യൂസുഫ് കെ.സി, മണ്ഡലം മീഡിയ സെക്രട്ടറി സാലിം ജീറോഡ്, സിദ്ദീഖ് ചാലില്‍ എന്നിവര്‍ നേതൃത്വം നല്‍കി.

pannikot family
Advertisment