തിരുവനന്തപുരം: വിമാനത്തിൽ നിന്ന് ലഭിച്ച ഭക്ഷണത്തിൽ നിന്ന് ചത്ത പാറ്റയെ കിട്ടിയെന്ന പരാതിയിൽ വിശദീകരണവുമായി വിമാന കമ്പനി അധികൃതർ. യാത്രക്കാരന്റെ പരാതി തള്ളുകയാണ് കമ്പനി ചെയ്തത്. തങ്ങളുടെ ഭക്ഷണം ഗുണനിലവാരം ഉള്ളതാണെന്നും ഭക്ഷണത്തിന്‍റെ സാംപിള്‍ ലാബില്‍ പരിശോധനയ്ക്ക് അയച്ചെന്നും, അതില്‍ പാറ്റ ഇല്ലായിരുന്നുവെന്നും അത് വറുത്ത ഇഞ്ചി ആയിരുന്നുവെന്നുമാണ് കമ്പനി പ്രതികരിച്ചത് .
നിഗുൽ സോളങ്കി എന്ന യാത്രക്കാരനാണ് വിസ്താര എയർലൈൻ വിമാനത്തിനെതിരെ പരാതി നൽകിയത്. തനിക്ക് വിമാനത്തിൽ നിന്ന് ലഭിച്ച ഭക്ഷണത്തിൽ ചത്ത പാറ്റ ഉണ്ടായിരുന്നെന്നായിരുന്നു നിഗുലിന്റെ പരാതി. ഇത് സംബന്ധിച്ച ഒരു പോസ്റ്റ് അദ്ദേഹം ട്വിറ്ററിൽ പങ്കുവയ്ക്കുകയും ചെയ്തിരുന്നു. ചിത്രങ്ങൾ സഹിതമാണ് അദ്ദേഹം പരാതി സംബന്ധിച്ച വിവരങ്ങൾ ട്വിറ്ററിൽ പങ്കുവച്ചത്.
ഇഡ്ഡലിയും സാമ്പാറും ഉപ്പുമാവുമാണ് ട്വിറ്ററില്‍ പങ്കുവച്ച ചിത്രത്തിലുള്ളത്. ഇതില്‍ ചത്ത പാറ്റയെയും വ്യക്തമായി കാണാം. ട്വീറ്റിന് താഴെ നിരവധി പേര്‍ കമന്‍റുകളുമായി രംഗത്തെത്തുകയും വിമാനത്തിലെ ഭക്ഷണത്തിന്റെ ഗുണനിലവാരത്തെ കുറിച്ചുള്ള ചർച്ചകളും സോഷ്യൽ മീഡിയയിൽ നടന്നു. ഇതിന് ശേഷമാണ് വിമാനകമ്പനി വിശദീകരണവുമായി എത്തിയത്. നിഗുലിന്റെ ട്വീറ്റിന് വിമാന കമ്പനി മറുപടി നൽകുകയും ചെയ്തിട്ടുണ്ട്. ‘ഹലോ നിഗുൽ, ഞങ്ങളുടെ എല്ലാ ഭക്ഷണങ്ങളും ഉയർന്ന ഗുണനിലവാരം ഉള്ളവയാണ്. ദയവായി നിങ്ങളുടെ ഫ്ലൈറ്റ് വിശദാംശങ്ങള്‍ ഞങ്ങള്‍ക്ക് അയക്കുക, എങ്കിലെ ഞങ്ങൾക്ക് വിഷയം പരിശോധിക്കാനും എത്രയും വേഗം ഇതില്‍ നടപടി എടുക്കാനും കഴിയൂ, നന്ദി’ – എന്നാണ് കമ്പനി ട്വീറ്റ് ചെയ്തത്.
നിഗുലിന്റെ വിശദാംശങ്ങൾ ശേഖരിച്ച ശേഷം വിഷയത്തിൽ വിമാന കമ്പനി അന്വേഷണം നടത്തിയെന്നു പറയുന്നു. അന്വേഷണത്തിന് ശേഷം വീണ്ടും വിസ്താര അധികൃതര്‍ വീണ്ടും വിശദീകരണവുമായി രംഗത്തെത്തി. തങ്ങൾ വിമാനത്തിൽ വിളമ്പിയ ഭക്ഷണത്തിന്റെ സാംപിള്‍ ലാബില്‍ പരിശോധനയ്ക്ക് അയച്ചു എന്നും അതില്‍ പാറ്റ ഇല്ലായിരുന്നുവെന്നുമാണ് കമ്പനിയുടെ വിദശീകരണം. ഭക്ഷണത്തിൽ നിന്ന് നിഗുലിന് കിട്ടിയെന്ന് പറയുന്നത് പാറ്റ ആയിരുന്നില്ലെന്നും അത് വറുത്ത ഇഞ്ചി ആയിരുന്നുവെന്നുമാണ് ലാബിലെ പരിശോധന ഫലം പറയുന്നതെന്നും കമ്പനി വ്യക്തമാക്കി.