പഴകുളം മധു രാഷ്ട്രീയ അഴിമതിക്കെതിരെ പോരാടുന്ന ഉജ്വല മാതൃക: ഉമ്മൻ ചാണ്ടി

ന്യൂസ് ബ്യൂറോ, പത്തനംതിട്ട
Wednesday, January 13, 2021

പത്തനംതിട്ട: പഴകുളം മധു പൊതുപ്രവർത്തന മേഖലയിൽ മാതൃകാ വ്യക്തിത്വത്തിന് ഉടമയാണന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അഭിപ്രായപ്പെട്ടു.

ഓർത്തഡോക്സ് സഭയുടെ പ്രമുഖ വൈദികനായിരുന്ന അടൂർ സെൻ്റ് സിറിൾസ് കോളജിൻ്റെ പ്രഥമ പ്രിൻസിപ്പൽ റവ. അലക്സ് കരമ്പിൽ കോർ എപ്പിസ്കോപ്പായുടെ അനുസ്മരണ സമ്മേളനത്തില്‍ പ്രഥമ പൊതുപ്രവർത്തന അവാർഡ് കെപിസിസി ജനറൽ സെക്രട്ടറി അഡ്വ. പഴകുളം മധുവിന് സമർപ്പിച്ച് പ്രസംഗിക്കുകയായിരുന്നു ഉമ്മൻ ചാണ്ടി.

വിദ്യാർത്ഥി കാലഘട്ടം മുതൽ സാമൂഹ്യ പ്രവർത്തന രംഗത്തു വലിയ സംഭാവനകൾ ചെയ്ത മധു,
പത്തനംതിട്ട ജില്ലാപ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എന്ന നിലയിൽ നടപ്പാക്കിയ പ്രൊജെക്ടുകൾക്ക് കേരള സർക്കാരിന്റെ നൂതനാശയങ്ങൾക്കുള്ള അവാർഡ് മുഖ്യമന്ത്രി ആയിരുന്നപ്പോൾ താൻ തന്നെയാണ് നൽകിയതെന്ന് അദ്ദേഹം അനുസ്മരിച്ചു. ഇങ്ങനെ ശക്തരായ യുവ നേതൃത്വമാണ് കേരളത്തിനാവശ്യമെന്നും അദ്ദേഹം പറഞ്ഞു.

25001 രൂപ ക്യാഷ് പ്രൈസും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് അവാർഡ്. രാഷ്ട്രീയ മേഖലയിലും പൊതു സമൂഹത്തിലും അഴിമതിയും സ്വജന പക്ഷപാതവും വർദ്ധിച്ചു വരുന്നതായി സമൂഹം വിലയിരുത്തുന്ന ഈ കാലലട്ടത്തിൽ അഴിമതിക്കെതിരേ ശക്തമായ നിലപാട് എടുത്തു നിൽക്കുന്ന പൊതു പ്രവർത്തകനാണ് മധു.

ഒരു സാധാരണ കെഎസ്‌യു പ്രവർത്തകനായി പൊതു പ്രവർത്തനം ആരംഭിച്ച മധു ഇന്ന് കെപിസിസി ജനറൽ സെക്രട്ടറി പദം വഹിക്കുന്ന ഭാവിയിൽ ഏറെ പ്രതീക്ഷക്ക് വകനൽകുന്ന യുവാവാണെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.

രാഷ്ട്രീയ അഴിമതിയ്ക്കെതിരേ ശക്തമായ നിലപാട് സ്വീകരിക്കുന്ന മധു ടെലിവിഷൻ ഡിബേറ്റിംഗിലൂടെ മലയാളി സമൂഹത്തിന് ഏറെ പ്രിയങ്കരനാണെന്നും അദ്ദേഹം പറഞ്ഞു. അടുത്ത തെരഞ്ഞെടുപ്പിൽ കോൺഗ്രസ് വൻ ഭൂരിപക്ഷ ത്തോടെ തിരിച്ചുവരവ് നടത്തു മെന്നും അദ്ദേഹം സൂചിപ്പിച്ചു.

സഭാ മാനേജിംഗ് കമ്മറ്റി അംഗവും സെൻ്റ് സിറിൾസ് കോളജ് മുൻ പ്രിൻസിപ്പലുമായ പ്രഫ. ഡോ: വർഗീസ് പേരയിലിൻ്റെ അധ്യക്ഷതയിൽ തിരുവനന്തപുരം ഭദ്രാസന മെത്രാപോലീത്ത ശബ്രിയേൽ മാർ ഗ്രിഗോറി യോസ് മെത്രാപ്പോലീത്ത, ചലച്ചിത്ര സംവിധായകൻ അടൂർ ഗോപാല കൃഷ്ണൻ, കോളജ് വൈസ് പ്രിൻസിപ്പൽ പ്രഫ. മിനി മാത്യു, പള്ളിയറ ശ്രീധരൻ, ഫാ. സജി കോട്ട്, ഫാ. സോളു, എൻ. കണ്ണപ്പൻ, പ്രഫ. ഗായത്രി വിജയ ലക്ഷ്മി, ബിന്നി സാഹിതി, ജോമോൻ ജോയ്സ്, ഡോ : ഗിഫ്റ്റി എൽസാ വർഗ്ഗീസ്, സൂസൻ വർഗീസ് എന്നിവർ പ്രസംഗിച്ചു.

×