/sathyam/media/post_attachments/A4ZcfoEmV9bUG6XpENF7.jpg)
കോഴിക്കോട്: സ്കൂൾ കലോത്സവത്തിൽ ഭക്ഷണ കമ്മിറ്റി പറയുന്ന വിഭവങ്ങൾ തയ്യാറാക്കുമെന്ന് പഴയിടം മോഹനൻ നമ്പൂതിരി. കലോത്സവത്തിൽ നോൺവെജ് ഉൾപ്പെടുത്തുകയാണെങ്കിൽ പിന്തുണക്കും. മെനു തയ്യാറാക്കുന്നത് താനല്ല, സര്‍ക്കാരാണ് തീരുമാനമെടുക്കുന്നത്. ഭക്ഷണത്തിൻറെ പേരിലുള്ള വിവാദങ്ങളോട് യോജിപ്പില്ല..ഇതിന് ബ്രാഹ്മണിക്ക് ഹെജിമണി എന്നൊക്കെ പറയേണ്ട ആവശ്യമുണ്ടോ എന്നും പഴയിടം ചോദിക്കുന്നു.
അതിനിടെ സംസ്ഥാന സ്കൂള്‍ കലോത്സവത്തിലെ ഭക്ഷണ വിതരണവുമായി ബന്ധപ്പെട്ട വിവാദങ്ങളോട് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി പ്രതികരിച്ചു. അടുത്ത വർഷം മുതൽ കലോത്സവത്തിന് വെജ്, നോൺ വെജ് ഭക്ഷണം വിളമ്പുമെന്ന് മന്ത്രി പറഞ്ഞു. ഇത്തവണ നോൺ വെജ് ഭക്ഷണം വിളമ്പാൻ കഴിയുമോയെന്ന് പരിശോധിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
നോൺ വെജ് ഭക്ഷണം വിളമ്പാത്തതിനെതിരെയുള്ള കോണ്‍ഗ്രസ് നേതാവ് വി ടി ബാൽറാമിന്റെ വിമർശനത്തിനും മന്ത്രി മറുപടി നൽകി. യു ഡി എഫ് കാലത്ത് ബൽറാം ഉറങ്ങുകയായിരുന്നോ എന്നായിരുന്നു മന്ത്രിയുടെ പ്രതികരണം.കലോത്സവ നടത്തിപ്പിലെ മികവ് കണ്ടു അസൂയ പൂണ്ടവരാണ് ഇത്തരം വിവാദങ്ങൾ ഉണ്ടാക്കുന്നതെന്നും മന്ത്രി പ്രതികരിച്ചു.
സ്കൂള്‍ കലോത്സവത്തില്‍ നോണ്‍വെജ് ഭക്ഷണം വിളമ്പാത്തതിനെതിരെ വലിയ ചര്‍ച്ചയാണ് ഇന്നലെ മുതല്‍ ഉയര്‍ന്നത്. കലോത്സവത്തിൽ പാചകത്തിന്റെ ചുമതലയുള്ള പഴയിടം മോഹനൻ നമ്പൂതിരിക്കെതിരെ സോഷ്യൽ മീഡിയയിൽ ഒരു വിഭാഗം രൂക്ഷമായ ആക്രമണമാണ് നടത്തുന്നത്.