/sathyam/media/post_attachments/99C3blXKxB3qw5MPPcN3.jpg)
തനിക്കെതിരെ പരാതി നല്‍കിയ മുന്‍ മന്ത്രി കെടി ജലീലിനെതിരെ ഗുരുതര ആരോപണവുമായി പിസി ജോര്‍ജ്. ജലീല്‍ എസ്.ഡി.പി.ഐക്കാരനാണെന്ന് ജോര്‍ജ് ആരോപിച്ചു. സ്വപ്‌ന സുരേഷിനെതിരെ എടുത്ത കേസില്‍ താനെങ്ങനെ പ്രതിയായി. കേസില്‍ രണ്ടാം പ്രതിയാണെന്നും, എങ്ങനെയാണ് പ്രതിയായതെന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ലെന്നും ജോര്‍ജ് പറഞ്ഞു.
സ്വപ്‌ന സുരേഷ് പറഞ്ഞ കാര്യങ്ങള്‍ മാധ്യമങ്ങളോട് പറഞ്ഞുവെന്നത് മാത്രമാണ് താന്‍ ചെയ്ത കുറ്റം. സരിതയെ ഞാന്‍ ഫോണില്‍ വിളിച്ചതാണ് ഇപ്പോള്‍ സഖാക്കളുടെ പ്രശ്‌നമെന്നും പിസി ജോര്‍ജ് പരിഹസിച്ചു. ലഹളക്കും സംഘര്‍ഷത്തിനും സാഹചര്യമുണ്ടാക്കി എന്നതാണ് തനിക്കെതിരായ ഒരു കുറ്റം. ഇങ്ങനെ കേസെടുക്കാനാണെങ്കില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ പേരില്‍ ഒരായിരം കേസെടുക്കണമെന്ന് പി സി ജോർജ് കുറ്റപ്പെടുത്തി.
രാഷ്ട്രീയ നേതാക്കൾ പുറത്തിറക്കുന്ന പ്രസ്താവനക്ക് എതിരെ കേസ് എടുക്കാൻ തുടങ്ങിയാൽ കേരളത്തിൽ രാഷ്ട്രീയം നടക്കില്ല. ഒരു സ്ത്രീയെ 16 മാസം ജയിലില്‍ പിടിച്ചിട്ട് പീഡിപ്പിച്ച ചരിത്രം അവര്‍ പറഞ്ഞു. അവര്‍ ഒരു കുറിപ്പ് തന്നു, അതില്‍ പറഞ്ഞ കാര്യം പത്രക്കാര്‍ക്ക് കൊടുത്തു. അതാണ് താന്‍ ചെയ്ത മഹാപാപം. കേരളത്തില്‍ മുഖ്യമന്ത്രിയായിരുന്ന പലര്‍ക്കെതിരേയും ആരോപണം വന്നിട്ടുണ്ട്. ഉമ്മന്‍ ചാണ്ടിക്ക് എതിരേ അടക്കം ആരോപണമുണ്ടായിട്ടുണ്ട്. മുഖ്യമന്ത്രി താന്‍ നിരപരാധിയാണെന്ന് പറഞ്ഞ് ചാടുന്നതെന്തിനാണെന്ന് പി സി ജോര്‍ജ് ചോദിച്ചു.