ഒറ്റപ്പാലം: ശ്രീകൃഷ്ണപുരം ഗ്രാമ പഞ്ചായത്തിലെ പത്താം വാർഡിലുൾപ്പെടുന്ന പുഞ്ചപ്പാടം- ചോയപ്പള്ളി ഭാഗത്ത് മഴക്കാലമായാൽ അമ്പതോളം വീടുകളിലേക്ക് റോഡിൽ നിന്നുള്ള മലിന ജലം കയറി വെള്ളക്കെട്ടായി മാറി പ്രയാസമനുഭവിക്കുന്ന പ്രശ്നത്തിന് ശാശ്വത പരിഹാരമാകുന്നു.
പുഞ്ചപ്പാടം എസ്റ്റേറ്റ് മുതൽ പത്തൊമ്പതാം മൈലിലുൾപ്പെടെയുള്ള മാലിന്യങ്ങളും കടകളിലെ അവശിഷ്ടങ്ങളുമാണ് മഴവെള്ളത്തോടൊപ്പം ഒഴുകിയെത്തി പ്രയാസമുണ്ടാക്കുന്നത്. നിർദ്ദിഷ്ട മുണ്ടൂർ-തൂത നാലുവരിപാതയുടെ നിർമ്മാണത്തോടനുബന്ധിച്ചുള്ള ഡ്രൈയിനേജ് നിർമ്മാണം വഴി പ്രസ്തുത പ്രയാസങ്ങൾ പരിഹരിക്കാനാവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് പ്രദേശവാസികൾക്ക് ഒറ്റപ്പാലം എംഎൽഎ അഡ്വ. കെ പ്രേംകുമാർ ഉറപ്പു നല്കി.
പുഞ്ചപ്പാടത്ത് ചോയപ്പള്ളി പ്രദേശത്ത് സന്ദർശനം നടത്തിയ എംഎൽഎ പ്രയാസമനുഭവിക്കുന്ന ജനങ്ങൾ നല്കിയ നിവേദനത്തിന് മറുപടി പറയുകയായിരുന്നു.
ശ്രീകൃഷ്ണപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് സി.രാജിക, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ വി.കെ.രാധിക, വാർഡ് മെമ്പർ സി.ജയശ്രി, പി.അരവിന്ദാക്ഷൻ, എം.സി.വാസുദേവൻ, കെ.ജയകുമാർ,എം.ഹരിദാസൻ, കെ.ഉണ്ണികൃഷ്ണൻ,ശ്രീജിത്ത് എന്നിവരും എംഎൽഎയോടൊപ്പം സന്ദർശക സംഘത്തിലുണ്ടായിരുന്നു.