അഭയ കേസിലെ പ്രതികള്‍ക്ക് പരോള്‍ അനുവദിച്ചതിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി

New Update

publive-image

Advertisment

സിസ്റ്റര്‍ അഭയ കേസിലെ പ്രതികള്‍ക്ക് സര്‍ക്കാര്‍ പരോള്‍ അനുവദിച്ചതിനെതിരെ ഹൈക്കോടതിയില്‍ ജോമോന്‍ പുത്തന്‍പുരയ്ക്കൽ ഹര്‍ജി നല്‍കി. പരോള്‍ അനുവദിച്ചത് സുപ്രീംകോടതി നിയോഗിച്ച ജയില്‍ ഹൈപവര്‍ കമ്മിറ്റി ആണെന്ന ജയില്‍ ഡിജിപിയുടെ വിശദീകരണം കളവാണെന്ന് ഹര്‍ജിക്കാരന്‍ ആരോപിച്ചു.

സുപ്രീംകോടതി ഉത്തരവ് പ്രകാരം, ജയില്‍ ഹൈപവര്‍ കമ്മിറ്റി 10 വര്‍ഷത്തില്‍ താഴെ ശിക്ഷിച്ച പ്രതികള്‍ക്ക് മാത്രമാണ് പരോള്‍ അനുവദിച്ചിട്ടുള്ളത്. അഭയ കേസിലെ ജീവപര്യന്തം ശിക്ഷിച്ച പ്രതികള്‍ക്ക് ഹൈപവര്‍ കമ്മിറ്റി പരോള്‍ അനുവദിച്ചിട്ടില്ലെന്ന് വ്യക്തമാക്കുന്ന കേരള സ്റ്റേറ്റ് ലീഗല്‍ സര്‍വ്വീസ് അതോറിറ്റി എക്സിക്യൂട്ടീവ് ചെയര്‍മാനും ഹൈപവര്‍ കമ്മിറ്റി അധ്യക്ഷനുമായ ജസ്റ്റിസ് സി.റ്റി രവികുമാറിന്‍റെ ഉത്തരവിന്‍റെ കോപ്പിയും ഹര്‍ജിയോടൊപ്പം ഹാജരാക്കിയിട്ടുണ്ട്.

പ്രതികളെ ജീവപര്യന്തം സിബിഐ കോടതി ശിക്ഷിച്ച്‌ അഞ്ച് മാസം തികച്ച്‌ ജയിലില്‍ കിടക്കുന്നതിന് മുന്‍പാണ് സംസ്ഥാന സര്‍ക്കാര്‍ പരോള്‍ അനുവദിച്ചത്. പരോള്‍ അനുവദിച്ചത് നിയമ വിരുദ്ധമാണെന്ന് ഹര്‍ജിയില്‍ കുറ്റപ്പെടുത്തി. 28 വര്‍ഷം നീണ്ട നിയമനടപടികള്‍ക്ക് ശേഷമാണ് അഭയ കേസില്‍ ഒന്നാം പ്രതി ഫാദര്‍ തോമസ് കോട്ടൂരും, മൂന്നാം പ്രതി സിസ്റ്റര്‍ സെഫിയും കൊലക്കുറ്റമടക്കമുള്ള വകുപ്പുകള്‍ പ്രകാരം കുറ്റക്കാരാണെന്ന് കണ്ടെത്തി ശിക്ഷിക്കപ്പെട്ടത്.

NEWS
Advertisment