ബെഹ്റയെ ഡിജിപി സ്ഥാനത്ത് നിന്ന് പുറത്താക്കി പിണറായി വിജയൻ ആഭ്യന്തരം ഒഴിയണം: ഐ എസ് എഫ്

റഈസ്‌ കടവില്‍ ദമ്മാം റിപ്പോര്‍ട്ടര്‍
Thursday, February 13, 2020
അൽ ഖോബാർ : സി എ ജി റിപ്പോർട്ടിലെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ  ഡി ജി പി സ്ഥാനത്ത് നിന്ന് ബെഹ്റയെ പുറത്താക്കുകയും പോലീസിനെ നിയന്ത്രിക്കാൻ കഴിയാത്ത ആഭ്യന്തര  മന്ത്രി പിണറായി വിജയൻ  ആ സ്ഥാനത്ത് നിന്ന് ഒഴിയണമെന്നും ഇന്ത്യൻ സോഷ്യൽ ഫോറം അൽ ഖോബാർ ബ്ലോക്ക് കമ്മിറ്റി ആവശ്യപ്പെട്ടു. കേരള പോലീസിനെതിരേ വളരെ ഗുരുതരമായ  ആരോപണങ്ങളാണ് സിഎജി കണ്ടെത്തിയിരിക്കുന്നത്.
12000 വെടിയുണ്ടകളും നിരവധി അത്യാധുനിക തോക്കുകളും കാണാതാകുകയും  കോടിക്കണ ക്കിനു രുപയുടെ  ഫണ്ട് വകമാറ്റി ചിലവഴിച്ചിരിക്കുകയും ചെയ്തിരിക്കുന്നു. ആര്‍എസ്എസ് സഹചാരിയായ   ടി പി സെന്‍കുമാര്‍  ഡിജിപിയായിരുന്ന 2015ല്‍  മാരക പ്രഹര ശേഷിയുള്ള ഒന്നര ലക്ഷത്തോളം വെടിയുണ്ടകള്‍ കാണാനില്ലെന്ന  റിപോര്‍ട്ടുകൾ പുറത്തു വന്നിരുന്നു.
അതുകൊണ്ടുതന്നെ ആയുധ ശേഖരം അപ്രത്യക്ഷമായതിന്റെ ഗൗരവം വര്‍ധിക്കുന്നു. ഒറിജിനല്‍ കാര്‍ട്റിഡ്ജുകള്‍ എടുത്തുമാറ്റി പകരം ഡെമ്മികള്‍ വെച്ചിരിക്കുന്നതായാണ് സിഎജി ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്.  ഈ ആയുധ ശേഖരം എവിടെ പോയെന്ന് ജനങ്ങൾക്കറിയേണ്ടതുണ്ട്.
ദേശീയ സുരക്ഷയെ ഗുരുതരമായി ബാധിക്കുന്ന ഈ സംഭവം സിബിഐയെക്കൊണ്ട് അന്വേഷിപ്പിക്കണം.
ഇടത് സർക്കാർ ഭരണം തുടങ്ങിയതുമുതൽ പോലീസിൽ നിയന്ത്രണമില്ലാത്ത ആഭ്യന്തരമന്ത്രിയുടെ പിടിപ്പു കേടാണ്  ഡി ജി പി സ്വന്തം നിലക്ക് കാര്യങ്ങൾ നടത്തിയിരിക്കുന്നതിൽ നിന്നും വ്യക്തമാണ്. അതുകൊണ്ട് സംഘപരിവാരത്തിന്റെ അടുപ്പക്കാരനായ ഡി ജി പി യെ മാറ്റി നിർത്തി വേണം അന്വേഷണം നടത്താനെന്നും  യോഗം ആവശ്യപ്പെട്ടു. യോഗത്തിൽ ബ്ലോക്ക് പ്രസിഡന്റ് മൻസൂർ പൊന്നാനി അധ്യക്ഷത വഹിച്ചു. സെക്രട്ടറി അഹമ്മദ്‌ കബീർ പോരുവഴി, ഷെരീഫ് കോട്ടയം, ഹബീബ് കൊടുവള്ളി, അഷ്റഫ് പാലക്കാട് സംസാരിച്ചു.
×