പത്തനംതിട്ടക്കാരുടെ 11-ാം വാര്‍ഷികാഘോഷം വെള്ളിയാഴ്ച; ‘കായംകുളം കൊച്ചുണ്ണി’ നാടകം ശ്രദ്ധനേടും

Thursday, February 13, 2020

ജിദ്ദ: നാട്ടിലും പ്രവാസ ദേശത്തും സാമൂഹിക സാംസ്‌കാരിക ജീവകാരുണ്യ മേഖലകളില്‍ പ്രശംസനീയമായ പ്രവര്‍ത്തനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന ജിദ്ദയിലെ പത്തനംതിട്ട ജില്ലയില്‍ നിന്നുള്ളവരുടെ കൂട്ടായ്മ പി.ജെ. എസ് (പത്തനംതിട്ട ജില്ലാ സംഗമം) 11-ാം വാര്‍ഷികം ആഘോഷിക്കുന്നു. ഹറാസാത്തിലുള്ള സുമിത് ആഡിറ്റോറിയത്തില്‍ നടത്തപ്പെടുന്ന ആഘോഷത്തില്‍ പൊതുജങ്ങള്‍ക്കും പങ്കെടുക്കാം.

‘വിഷന്‍ 2020’ അവതരണം, അവാര്‍ഡ് ദാനം, കലാപരിപാടികള്‍ എന്നിവ ഉള്‍പ്പെടുന്ന പി.ജെ.എസ് വാര്‍ഷികാഘോഷത്തില്‍ ‘കായംകുളം കൊച്ചുണ്ണി’ എന്ന സംഗീത, സാമൂഹിക നാടകം ശ്രദ്ധ പിടിച്ചെടുക്കുമെന്ന് സംഘാടകര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. പ്രഫഷണല്‍ നാടകരംഗത്തെ പ്രശസ്തനായ നാടക രചയിതാവ് ഹേമന്ത കുമാര്‍ രചിച്ച നാടകം സംവിധാനം ചെയ്യുന്നത് പി.ജെ.എസ് അംഗം കൂടിയായ സന്തോഷ് കടമ്മനിട്ടയാണ്. വേഷമിടുന്നതും സംഘടനയിലെ അംഗങ്ങള്‍ തന്നെയാണ്.

ചടങ്ങില്‍ പി.ജെ.എസ് അംഗവും കലാകാരനുമായിരുന്ന അന്തരിച്ച ഉല്ലാസ് കുറുപ്പിന്റെ സ്മരണാര്‍ത്ഥം വഷംതോറും നല്‍കിവരുന്ന അവാര്‍ഡ് സമ്മാനിക്കും. ജിദ്ദയിലെ പ്രശസ്ത കലാകാരന്മാര്‍ക്ക് നല്‍കി വരുന്ന അവാര്‍ഡിന് ഈ വര്ഷം അര്‍ഹനായിരിക്കുന്നത് ജിദ്ദയിലെ പ്രശസ്ത ഗായകന്‍ മിര്‍സ ഷെരീഫ് ആണ്. കൂടാതെ പി.ജെ.എസ്. അംഗങ്ങളുടെ മക്കളില്‍ പന്ത്രണ്ടാം ക്ലാസ്സ് പരീക്ഷയില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് കരസ്ഥമാക്കുന്നവര്‍ക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള ബെസ്‌ററ് സ്റ്റുഡന്റ് അവാര്‍ഡും സമ്മാനിക്കും. അക്ഷയ് വിലാസ് ആണ് അവാര്‍ഡിന് അര്‍ഹന്‍.

വാര്‍ഷികാഘോഷ കലാസന്ധ്യയില്‍ ജിദ്ദയിലെ പ്രമുഖ നൃത്ത അധ്യപികമാരായ സുധാ രാജു, പ്രീത അജയന്‍, ബിന്ദു സണ്ണി, അഞ്ചു നവീന്‍, സീനത്ത് സമാന്‍ എന്നിവര്‍ അണിയിച്ചൊരുക്കുന്ന നൃത്തനൃത്യങ്ങള്‍, ഒപ്പന, ജിദ്ദയിലെ പ്രശസ്ത ഗായകരും കൂടാതെ പി.ജെ.എസിലെ ഗായകരും ആലപിക്കുന്ന ഗാനങ്ങള്‍ എന്നിവ ഉണ്ടായിരിക്കും.

സേവനവീഥിയില്‍

തൊഴില്‍ നഷ്ട്ടപ്പെട്ടു തിരിച്ചു പോകുന്ന പ്രവാസികളുടെ പുനരധിവാസം ലക്ഷ്യമാക്കി തൊഴിലധിഷ്ഠിത പദ്ധ്വതികള്‍ തുടങ്ങും. ഒരു പഞ്ചായത്തില്‍ ഒരു നിര്‍ധന വിധവയ്ക്ക് എന്ന തോതില്‍ നല്‍കി കൊണ്ടിരിക്കുന്ന വിധവാ പെന്‍ഷന്‍ തുടര്‍ന്നും നല്‍കും. ചികിത്സ, വിദ്യാഭ്യാസം, സ്വയം തൊഴില്‍, വിവാഹം എന്നിവയ്ക്കായുള്ള ധനസഹായവും തുടരും. നാട്ടിലും പ്രാവാസദേശത്തും നടത്തി കൊണ്ടിരിക്കുന്ന ജീവകാരുണ്യ – സാമൂഹ്യ പ്രവര്‍ത്തനങ്ങളും ഇടപെടലുകളും കൂടുതല്‍ ഊര്‍ജിതമായി തുടരും.

തൊഴില്‍ പ്രശ്‌നത്തില്‍ പെട്ട പത്തനംതിട്ടക്കാരായ മൂന്നുപേരെ നാട്ടില്‍ എത്തിച്ചു. നാട്ടിലേയ്ക്ക് മടങ്ങാന്‍ ബുദ്ധിമുട്ടിയ മൂന്നു ക്‌ളീനിങ് തൊഴിലാളികളായ സ്ത്രീകള്‍ക്ക് ധനസഹായം നല്‍കി. അഞ്ചു തമിഴ് തൊഴിലാളികളെ നാട്ടിലെത്തിക്കാനുള്ള ഇടപെടല്‍ നടത്തി. ജിദ്ദ ഇന്റര്‍നേഷണല്‍ ഇന്ത്യന്‍ സ്‌കൂളിലെ മലയാളം ക്ലബ്ബിലേക്ക് 500 ഓളം പുസ്തകങ്ങള്‍ സംഭാവന ചെയ്തു. ജിദ്ദയില്‍ വിവിധ സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ക്കായി കളറിംഗ് മത്സരം സംഘടിപ്പിച്ചു.

വാര്‍ഷികാഘോഷം വിവരിക്കാനായി നടത്തിയ പത്രസമ്മേളനത്തില്‍ പ്രസിഡന്റ് നൗഷാദ് അടൂര്‍, എബി കെ ചെറിയാന്‍ മാത്തൂര്‍, ജയന്‍ നായര്‍, മാത്യുതോമസ്, മനു പ്രസാദ് ആറന്മുള, അനില്‍കുമാര്‍ പത്തനംതിട്ട, വറുഗീസ് ഡാനിയല്‍, അലി തെക്കുതോട്, അയൂബ് പന്തളം എന്നിവര്‍ സംബന്ധിച്ചു.

×