ആകാശമേ കേള്‍ക്കാ, ഭൂമിയേ ചെവി തരിക… എന്ന ഗാനം എഴുതിയ അമ്മ

പി പി ചെറിയാന്‍
Tuesday, July 13, 2021

ഡാളസ് :കേരളം ഏറ്റു പാടിയ ഭക്തിഗാനം. “ആകാശമേ കേള്‍ക്കാ, ഭൂമിയേ ചെവി തരിക. ഞാന്‍ മക്കളെ പോറ്റി വളര്‍ത്തി. അവരെന്നോട് മത്സരിക്കുന്നു….” ഈ പാട്ട് പല തവണ പാടുകയും കേള്‍ക്കുകയും ചെയ്തിട്ടുണ്ടെങ്കിലും ഇത് ആരുടെ സൃഷ്ടിയാണെന്ന് പലർക്കും  അറിയില്ലായിരിക്കാം. ഈ പ്രസിദ്ധമായ ഗാനം രചിച്ചത് ആലീസ് ജേക്കബ് എന്നൊരു അമ്മയാണ്. പി എം ആലീസ് എന്നും അവര്‍ അറിയപ്പെടുന്നു.

1985 ല്‍ കോട്ടയം കഞ്ഞിക്കുഴി കാച്ചുവേലിക്കുന്നില്‍ നടന്ന ഉപവാസപ്രാര്‍ത്ഥയില്‍ പാസ്റ്റര്‍ ടി എസ് ജോസഫ് പ്രഭാഷണം നടത്തി. ഏശയ്യാ പ്രവാചകന്റെ ഒന്നാം അധ്യായത്തെ കുറിച്ചാണ് അന്ന് പാസ്റ്റര്‍ പ്രസംഗിച്ചത്. പ്രസംഗം കേട്ടു കൊണ്ടിരിക്കുമ്പോള്‍ ആലീസിന്റെ മനസ്സില്‍ പരിശുദ്ധാത്മാവ് തോന്നിച്ച വരികളാണ് ഗാനമായി പിറന്നത്. പ്രസംഗം പറഞ്ഞു പൂര്‍ത്തിയാകുന്നതിന് മുമ്പേ പാട്ടിലെ മുഴുവന്‍ വരികളും തന്റെ മനസ്സില്‍ വന്നു നിറഞ്ഞു എന്ന് ആലീസ് ജേക്കബ് പറയുന്നു.

ആലീസ് ജേക്കബാണ് എഴുതിയെങ്കിലും ഈ പാട്ട് കേള്‍ക്കുന്ന പലര്‍ക്കും ഇതിന്റെ രചയിതാവ് ആരാണെന്ന് അറിയില്ല. മറ്റു പലരും ഇതിന്റെ അവകാശം ഏറ്റെടുക്കുകയും ചെയ്തിട്ടുണ്ട്. അത്തരമൊരു സംഭവം ആലീസിന്റെ ഭര്‍ത്താവ് ഐസക്ക് പറയുന്നു: ‘ഒരിക്കല്‍ മരാമണ്‍ കണ്‍വെന്‍ഷനില്‍ ഇറക്കിയ പാട്ടുപുസ്തകത്തില്‍ മറ്റൊരാളുടെ പേരില്‍ ഈ പാട്ട് അച്ചടിച്ചു വന്നു. എന്നാല്‍ ഞങ്ങള്‍ പ്രതികരിക്കാന്‍ പോയില്ല. അങ്ങനെ പ്രതികരിക്കുന്നത് ദൈവമക്കള്‍ക്ക് ചേര്‍ന്നതല്ലല്ലോ എന്നു കരുതിയാണ് ഞങ്ങള്‍ മൗനം പാലിച്ചത്’.

ഇനി ഈ ഗാനം ആലപിക്കുമ്പോള്‍ ഈ അമ്മയെ കൂടി ഓര്‍ക്കുക.’അമ്മ ഇപ്പോൾ നട്ടെല്ലിലെ റ്റുമെർ ശസ്ത്രക്രിയക്കു വിധേയയായി വീട്ടിൽ വിശ്രമിക്കയാണെന്നാണ് ഫോണിൽ ബന്ധപ്പെട്ടപ്പോൾ അറിഞ്ഞത്. പ്രായം ചെന്ന ഭർത്താവും,രോഗിയായ ഒരു മകളും രണ്ടു ആൺ മക്കളും മാത്രമാണുള്ളത് ഒരു മകന്റെ വിവാഹം കഴിഞ്ഞു,കാര്യമായ വരുമാനമാർഗ്ഗമൊന്നുമില്ല. നാലുമാസം മുൻപാണ് വാടക വീട്ടിൽ നിന്നും പലരുടെയും സഹായംകൊണ്ടു ചെറിയൊരു വീട് പണി പൂർത്തീകരിച്ചു താമസം മാറ്റിയതെന്ന് അമ്മച്ചി പറയുന്നു .നല്ലവരായ എല്ലാവരുടെയും സഹായസഹകരണങ്ങൾ പ്രദീക്ഷിക്കുന്നതായും അമ്മച്ചി പറഞ്ഞു .ഫോണിൽ ബന്ധപെടേണ്ട നമ്പറും ബാങ്ക് അക്കൗണ്ട് വിവരങ്ങളും താഴെ ചേർക്കുന്നു.

×