അക്ഷരാഗ്നി സാഹിത്യവേദിയുടെ കവിതാ മത്സരത്തില്‍ രഞ്ജിനി സതീഷ് വിജയി

Saturday, May 1, 2021

പാലക്കാട്: ചിറ്റൂര്‍ അക്ഷരാഗ്നി സാഹിത്യ വേദിയുടെ കവിതാ മത്സരത്തില്‍ രഞ്ജിനി സതീഷ് വിജയിയായി. ‘സ്വര്‍ഗത്തിലെ ചിത്രശലഭങ്ങള്‍’ എന്ന വിഷയത്തിലായിരുന്നു കവിത. ജോക്‌സി ജോസഫ്, സീനത്ത് അലി എന്നിവരും വിജയികളായി. വിനോദ് കെ. കണ്ണനാണ് അക്ഷരാഗ്നി സാഹിത്യവേദിയുടെ ചീഫ് എഡിറ്റര്‍. രഞ്ജിനി സതീശിന്റെ കവിത ചുവടെ…

വിജനമാം വീഥിയിൽ വാടിത്തളർന്നു ഞാൻ
ഒരുമരത്തണൽ പറ്റിയൊന്നു നിൽക്കെ
ശ്രുതി മധുരമാമൊരു ഗാനമെൻ
കർണ്ണത്തെ, പുളകങ്ങൾ കൊണ്ടു
നിറച്ചുവല്ലോ

ചുറ്റും പരതി ഞാൻ, കാഴ്ച്ചയിൽ തെളിയുന്നു, അന്ധവിദ്യാലയം എന്ന പേര്
മെല്ലെ പടി കടന്നെത്തവേ കേൾക്കായി
താളത്തിൽ പാടുന്ന , സ്നേഹഗീതം

അന്ധതയെന്നതാo ശാപം ചുമക്കുന്ന
പിഞ്ചുകിടാങ്ങളെ കാൺകെയിന്ന്
ഇടനെഞ്ച് തേങ്ങുന്നതറിയുന്ന കണ്ണുകൾ
കാഴ്ച മറയ്ക്കാൻ തുടങ്ങിയല്ലോ

നിറയുന്ന കണ്ണുകൾ വിരൽ കൊണ്ടു മൂടവേ
ഒരു വേള ഞാനും മറന്നു പോയോ
എന്നുടെ കണ്ണുനീർ കാണാൻ കഴിയാത്ത
അവരുടെ കണ്ണിലെ അന്ധകാരം

അവരുടെ പാട്ടാകും തേൻ മൊഴി കേൾക്കവേ
ചലനം നിലച്ചു ഞാൻ നിന്നുപോയി

അന്ധരാണെങ്കിലും, സുന്ദര ഗീതിയാൽ
ഈശനെ വാഴ്ത്തുന്നു, ആ കിടാങ്ങൾ
ഇതുവരെ നൽകിയ ജീവ സുഖങ്ങൾക്ക്
നന്ദി ചൊല്ലീടുന്നു വാക്കുകളാൽ

അവരുടെ മുന്നിലായ് അപമാനഭാരത്താൽ കുനിഞ്ഞ
ശിരസ്സുമായ്‌ നിന്നു പോയ്‌ ഞാൻ
ഒന്നും മതിവരാതുള്ളയീ യാത്രയിൽ
ദിവസ്സവും പരിഭവക്കെട്ടഴിക്കും
ഇനിയും ലഭിക്കാത്ത സൗഖ്യത്തിനായി
കപടമാം ഭക്തി പുറത്തെടുക്കും

നമ്മളോ എത്ര നിസ്സാരർ , ചിന്തിക്കിൽ
പൂർണ്ണരാണെന്നു പറയുകിലും

ഇവരാണ് ദൈവത്തിൻ ചിത്രശലഭങ്ങൾ
സ്വർഗത്തിൽ നിന്നും വിരുന്നുവന്നോർ ഇവരുടെ കണ്ണിലെ തൂവെളിച്ചo കൊണ്ട്
കഴുകട്ടേ നമ്മുടെ പാപങ്ങളും

അവരുടെ പുഞ്ചിരി കണ്ടു വിടരട്ടെ
നമ്മുടെ ഉദ്യാന കുസുമങ്ങളും

×