മഞ്ഞുതുള്ളികളിൽ പ്രതിച്ഛായ (കവിത)

author-image
admin
Updated On
New Update

അഷ്‌റഫ് കാളത്തോട്

Advertisment

publive-image

സ്വപ്നംകണ്ട് പ്രണയിക്കാനാണ് എനിക്കിഷ്ടം
തെക്ക് നിന്ന് വടക്കോട്ടും
അവിടെ നിന്ന് കിഴക്കോട്ടും
അവസാനിക്കാത്ത
ടിക് ടിക്കുമായി ഘടികാരസൂചി!
സുഗന്ധം പോലെ അരികിലേക്ക്
ഒഴുകിവന്ന ഇഷ്ടം!
പൂനിലാവ് പോലെ പരന്നൊഴുകി
പ്രണയത്തിൻ്റെ നേർത്ത രശ്മി
മനസ്സിന്റെ ഇരുണ്ട തലങ്ങളിൽ കൂടുവെച്ച്
കേൾക്കാൻ സമയമില്ലാത്ത ചെവികളിൽ
കാണാൻ നേരമില്ലാത്ത കണ്ണുകളിൽ
ശ്വസിക്കാൻ നേരമില്ലാത്ത ശ്വസനങ്ങളിൽ
പുണരാൻ നേരമില്ലാത്ത ദേഹങ്ങളിൽ
ഒരു സങ്കീർത്തനംപോലെ പരന്ന്
പെയ്തൊഴിയാത്ത മഴ പോലെ ആവേശിച്ച്
ഇരുണ്ട സന്ധ്യകൾ വിജനമാക്കിയ
വിദൂരതയിലേക്ക് മൗനമാകുന്നു!
നെടുവീർപ്പുകളിൽ പറഞ്ഞു തീരാതെ
കോർത്തു പോകുന്ന നിഴലുകൾ
അമ്പരപ്പിക്കുന്ന നിശ്ശബ്ദദയിൽ
ബാക്കിയാകുന്ന യാമങ്ങൾ
പൂർത്തീകരിക്കാത്ത പ്രണയങ്ങളിൽ
തകർന്ന് ആകാശത്തിലേക്ക് ഗോവണിപ്പടി
കയറുന്ന നൊമ്പരങ്ങൾ
മഞ്ഞുതുള്ളികളിൽ പ്രതിച്ഛായ വളർന്ന്
ഗിരിശൃംഗം കീഴടക്കി
വേര്‍പിരിയാനാകാത്ത ഖേദപ്പുഴകളാകുന്നു
ഒടുവിൽ കിനാവുകണ്ട രാത്രികളിൽ
നോവിൻറെ കണ്ണീർ തോടുകൾ കീറി
മര്‍മ്മരങ്ങളാകുന്നു!

Advertisment