കാത്തിരിപ്പിനൊടുവിൽ

New Update

publive-image

Advertisment

റുതിക്കറ്റം കാണാനായി
അറബിയുടെ നാട്ടിൽ വന്നിട്ടെത്ര നാളായി.
ആരുമില്ലെനിക്കൊരു കൈത്താങ്ങിനായി,
അമ്മയെപ്പോലാവില്ല പോറ്റമ്മമാർ.

അറിയുന്നുഞാനിന്ന്, ഇവിടം
അണഞ്ഞുപോയൊരു
അത്ഭുതവിളക്കാണെന്ന്.
അലിഞ്ഞില്ല, കനിഞ്ഞില്ല, ഈ
അലാവുദ്ധീന്റെ നാടെനിക്കായ്.

കാത്തിരിക്കാനിനി നേരമില്ല, നിന്റെ
കാഞ്ചന കൗതുകമാസ്വദിക്കാൻ.
നേരമായെനിക്ക് വിടചൊല്ലാൻ
നേടിയതൊക്കെയും കൊഴിഞ്ഞുപോയ്
നേരും നെറിയുമില്ലിവിടെ
നേരത്തേയങ്ങു പോയിടാം.

ഒരിക്കൽ,
മോഹകാമനകളുടെ യാനപാത്രമായ്
പൊട്ടിമുളച്ചു,
ഉർവ്വരതയിൽനിന്നൊരനുരാഗം
പ്രണയമായ്, മുന്തിരിവീഞ്ഞിൽ
ലഹരിയായ് ലയിച്ചൊരു വ്യാഴവട്ടം.

പ്രാണരക്തമൊഴുകിയ മേനിയിൽ
അലിഞ്ഞുചേർന്ന മോഹമാസകലം
പൊട്ടിത്തെറിച്ചു, പ്രാണനമന്ത്രം
ചങ്കുപൊട്ടി മരിക്കുമ്പോഴും
പ്രാർത്ഥിക്കുമീ ഹൃദയം നിനക്കായ്.

കാത്തുനിൽക്കാനിനി നേരമില്ല,
പൊൻമുത്തമേകിയനുഗ്രഹിക്കാൻ
പെറ്റമ്മയെന്നെ മാടിവിളിക്കുന്നു.
നഷ്ടബോധം അഗ്നിനാളമായ്, എൻ
ചിതയിൽ ഹോമമായ് പടരവെ,
ആത്മാവ് ജന്മ സായൂജ്യമേകിടും

Advertisment