കവിത “അക്കരപച്ച” മഞ്ജുള ശിവദാസ്‌.

Saturday, July 3, 2021

അക്കരെക്കണ്ട പച്ചപ്പുകളെപ്പൊഴേ-
നിന്നിൽ ഭ്രമം നിറച്ചെന്നറിഞ്ഞീലാ.
ആ,ഹരിതാഭയിലാകെ ഭ്രമിച്ചങ്ങിറ-
ങ്ങിടുംമുൻപൊന്നറിഞ്ഞുകൊൾക.

കെട്ടിലുംമട്ടിലുമുള്ളത്ര ചേലുകൾ,
കെട്ടുകൾക്കപ്പുറം കാൺകയില്ല.
കെട്ടിയ കോട്ടകളൊക്കെത്തകർന്നിടാം,
കൊട്ടിയടച്ചിടാം തന്നിടങ്ങൾ.

താൻതന്റെ ചിത്രം വരയ്ക്കുകിൽ,രൂപത്തിൻ-
വൈകൃതം തെല്ലൊന്നൊളിച്ചുവയ്ക്കും.
താൻതന്റെ ചരിതം കുറിയ്ക്കുന്നുവെങ്കിലോ-
നന്മകളല്ലേയെടുത്തു നിൽക്കൂ.

മോടിയിലൊട്ടും കുറയ്ക്കാതെതന്നെയേ-
നാലാൾക്കു മുൻപിൽ നാം നമ്മെ നിർത്തൂ.
അക്കാണും വർണ്ണപ്പകിട്ടോടടുത്താലേ,
പൂച്ചുകൾക്കുള്ളിലെ നേരുകാണൂ.

വാക്കിലും നോക്കിലും വായനയ്ക്കായ്-
വച്ചതൊക്കെയും കാപട്യമായിരിയ്ക്കാം,
നേരറിഞ്ഞീടുന്ന നേരമാകുമ്പൊഴേ-
യ്ക്കൊരുപകൽ ദൂരം കഴിഞ്ഞിരിയ്ക്കാം.

×