/sathyam/media/post_attachments/mpQnMPszwRbBRN7PqsfT.jpg)
-ലിസി സുനിൽ
വാക്കുകളിൽ കൊരുക്കുന്ന ആർദ്രഭാവങ്ങളെല്ലാം മനസ്സിന്റെ
വാതിൽപ്പടി കടക്കുമ്പോൾ തട്ടിത്തടഞ്ഞു ദുഃഖശകലങ്ങളായി
പൊട്ടിത്തെറിക്കുന്നുവോ
പിടഞ്ഞുണർന്ന ആർദ്രഭാവങ്ങൾ വികാരവിക്ഷോഭത്തിന്റെ വേലിയേറ്റങ്ങളിൽ പതറി
ഞാനൊരു കാറ്റുപിടിച്ചുലക്കുന്ന ഞാങ്ങണത്തണ്ടായി പരിണമിച്ചുവോ
ഉഴുതുമറിച്ച മണ്ണുപോലെ കുഴഞ്ഞുപോയൊരെന്റെ ചിന്തകൾ പെറുക്കി അടുക്കുവാൻ
അശക്തയായി ഹൃദയമാം അലമാരയിന്നു അടച്ചുപൂട്ടപ്പെട്ടുവോ
മുഷിഞ്ഞു നാറിയെന്നു മറ്റുള്ളവർ മുദ്രയിട്ടൊരെൻ ചിന്തകൾ അലക്കിവെളുപ്പിക്കുവാനാവാതെ മൂലയിൽ കൂനിയിരിക്കുന്നു
നിശ്ചലമെൻ തലച്ചോറെന്ന അലക്കുയന്ത്രം
പെരുകുന്ന വിചാരങ്ങൾ
മാറിമാറി പ്രഹരമേല്പിച്ചു പിന്നികീറിയൊരെന്നാത്മാവ് ചാഞ്ഞുറങ്ങുവാൻ തേടുന്ന സ്വസ്ഥതയുടെ മഞ്ചത്തിലെ പഞ്ഞിമെത്തയും
വിസ്‌മൃതിയിൽ മറഞ്ഞുവോ