പകൽക്കിനാവ്… (കവിത)

സത്യം ഡെസ്ക്
Sunday, June 6, 2021

-ലിസി സുനിൽ

വെയിലിന്റെ ഒടുവിലെ
പടവിൽ പകലിരുൾ കാത്തുവെച്ചു_
നിശക്ക് വഴിയൊരുക്കിയതും
അകലെ ആകാശച്ചെരുവിൽ
കിളികൾ വളപൊട്ടുകളായി അർദ്ധവൃത്തം വരക്കുന്നതും…

മോഹങ്ങളുടെ അതിരടയാളം
തിരഞ്ഞു അവകാശം സ്ഥാപിക്കാനറിയാതെ
ഒഴുകുന്ന മനസ്സൊരു വെൺ_
മേഘതുണ്ടായി
തൂവലിന്റെ ഭാരമില്ലായ്മയിൽ
പരകായം തേടുന്നതും…

നോവുകളുടെ അന്ത്യത്തിൽ നുറുങ്ങിവീണ ആത്മാവിന്റെ ശകലങ്ങൾ ഓർമ്മയുടെ കയത്തിൽ
ഓളങ്ങൾ തീത്തു
മൗനത്തിന്റെ ചങ്ങലകണ്ണികൾ പൊട്ടിക്കുന്നതും…

ഉടഞ്ഞുണർന്ന മൗനം
പെറ്റിട്ട ഏകാന്തതയുടെ
ഒറ്റമരച്ചില്ലയിൽ വസന്തം കയ്യേറ്റം
നടത്തി ഉടമസ്ഥാവകാശം
സ്ഥാപിച്ചു മായാജാലംതീർത്തതും
ഒരു പകല്‍ക്കിനാവിന്റെ
ജാലകവിരിക്കപ്പുറത്തെ
നിഴൽക്കൂത്തായിരുന്നുവോ…

×