നിന്നോളം… (കവിത)

സത്യം ഡെസ്ക്
Tuesday, June 15, 2021

-ലിസി സുനിൽ

നിന്നോളം തെളിവാർന്നൊരു
മേഘവും എന്നിലിയിത്രമേൽ
അരുമയോടെ മിഴികോർത്തു
കൂടെ ഒഴുകിയിട്ടില്ല

നിന്നോളം കുളിർപകരുന്നൊരു വികാരവും ഉടലിൽ
ഇക്കിളിയിട്ടെന്നെ
തരളിതയാക്കിയിട്ടില്ല

നിന്നോളം ചൈതന്യമേകുന്നൊരു സൂര്യനും എന്റെ വീഥിയിൽ
ഇത്രമേൽ വാത്സല്യമോടെ
ഒളിവീശി നിന്നിട്ടില്ല

നിന്നോളം അലിവാർന്നൊരു
ആലിംഗനവും എന്റെ ഉയിരോളം ആഴത്തിൽ മായാതെ
അടയാളപ്പെടുത്തിയിട്ടില്ല

നിന്നോളം മൃദുവായ മൊഴികളിൽ
വാചാലനായൊരു തോഴനും
ഇന്നോളം എന്നിലെ
രസമുകുളങ്ങളെ ത്രസിപ്പിച്ചിട്ടില്ല

നിന്നോളം നനവാർന്നൊരു
ചുംബനവും എന്റെ ചൊടികളിൽ
തേനൂറും അമൃതായി
പരിണമിച്ചിട്ടില്ല …

നിന്നോളം നനവാർന്നൊരു
മഴയുംഎന്റെ നെറുകയിൽ
മുത്തി ചുവപ്പിച്ചു
കവിളോരമൊഴുകി
മാറിലമർന്നിട്ടില്ല

×