കവിത “നേരം ” മഞ്ജുള ശിവദാസ്‌ .

Saturday, August 24, 2019

കവിത “നേരം ” മഞ്ജുള ശിവദാസ്‌ .

നേരമില്ലായ്മയ്ക്കു കാരണം തേടു-
മ്പൊഴാരും നിരൂപിച്ചിരിയ്ക്കയില്ല,
കൂട്ടിക്കിഴിച്ചു കുറിയ്ക്കുന്നതത്ര-
കടുപ്പമേറീടുന്നതാകുമെന്ന്.

ഉണ്ണാനുടുക്കാനുറങ്ങുവാനും-
ഉണ്ണികൾക്കൊപ്പമിരിയ്ക്കുവാനും,
ഉള്ളൊരു കൂട്ടുമായ് കൂടുവാനും-
ഉള്ളിലുള്ളല്ലലൊഴിച്ചിടാനും,

വേണ്ടത്രനേരമുണ്ടായിരുന്നെങ്കിലും,
നാലാൾക്കുമുൻപിലെക്കേമനാകാൻ-
നേരത്തിൻദാരിദ്ര്യമോതിക്കളഞ്ഞൊരാ-
നേരം മതിയാകുമായിരുന്നു.

കാര്യമില്ലാതെക്കളഞ്ഞ നേരത്തിന്റെ-
കാൽഭാഗമെങ്കിലും നേരെയെങ്കിൽ,
കാരണവന്മാർക്കു കാര്യംതിരക്കുവാ-
നാരെങ്കിലും കാണുമായിരുന്നു.

ഓടുന്നജീവിത ശകടത്തിനുള്ളിലായ് 
ഓടിയോടിത്തീർത്തമൂല്യ ജന്മം,
പാടേതളർന്ന നേരത്തുകാലത്തോടു-
പരിഭവിച്ചിട്ടിനിയെന്തു നേട്ടം.

×