കവിത “കൗമാരഛിദ്രം” മഞ്ജുള ശിവദാസ്‌ .

Sunday, October 13, 2019

മോഹങ്ങൾ കിളിർക്കും മുൻ-
പു മുറിച്ചൊരു ചില്ലയിതാ,
വിറകായെരിയുന്നൊരടു-
പ്പിലതാർക്കെന്നറിയാതെ.

പ്രേതപ്പുക പൊന്തുമടുപ്പി-
ന്നോരത്താകെയതാ,
കരിവാരിയുടുത്തൊഴുകു-
ന്നതുനിണമോ കണ്ണീരോ.

കനവിൻ ചാപിള്ളകളെ-
രിയുമടുപ്പിന്നരികത്തായ്,
മറ്റാരോ വെട്ടിയുണക്കിയ-
വിറകുകണക്കൊരുവൾ.

നോവേറുന്നോർമ്മകളുലയി-
ലുരുക്കി രചിയ്ക്കാനായ്,
അഴലലകളുലച്ചൊരു-
ജീവിതനൗകയിലെത്തിയവൾ.

മോഹങ്ങൾ മുളയ്ക്കാനറി-
വിന്നർക്കനുദിയ്ക്കേണം,
ലക്ഷ്യക്കതിർ വിളയാനകമേ-
പുലരൊളി തഴുകേണം.

പെൺകുഞ്ഞിനുഷസ്സു-
നിഷേധിച്ചൂറ്റം കൊള്ളുന്നോർ,
കൂരിരുളിൻ കാണാക്കയമതി-
ലവളെയുപേക്ഷിച്ചോർ.

ഉടമ്പടിയിലുടക്കിയവൾ-
ക്കോ, നഷ്ടം കൗമാരം.
ഉത്തരവാദിത്വമൊഴിച്ചവ-
രുത്തമ രക്ഷകരായ്.

ഒരുപാതിയുണങ്ങിയ ചില്ല-
തളിർത്തുവരുന്നതുപോൽ,
കൗമാരഛിദ്രത്തിന്നിര-
യിനിയുമുയിർക്കുന്നു.

ഭാസുരമൊരുഭാവിപ്പിറ-
യവൾ സ്വപ്നം കണ്ടിട്ടോ,
അഴകൂറും നിനവിൻമൊട്ടു-
കളിന്നിനു ചാർത്തുന്നു.

ഇതുവരെയുള്ളഴലുകളെല്ലാ-
മിന്നലെകൾക്കേകുകിലും,
നിനവുകളായ് നിറയണമനു-
ഭവമുരവംകൊണ്ടുയരാൻ.

കതിരേതതിൽ പതിരേതെ-
ന്നതറിഞ്ഞു കരേറാനായ്,
കാതര്യമതേകിയ പതനം-
കനലായെരിയട്ടെ.

കണ്ണീരിലണഞ്ഞാലോ-
മിഴിയറിയരുതൊരുനോവും.
അനുഭവഗുരുവേകിയ നോവു-
കളറിവുകളായേയ്ക്കാം.

×