കാനന ജാലകത്തിലൂടെ (കവിത)

സത്യം ഡെസ്ക്
Monday, May 3, 2021

-രഞ്ജിനി സതീശ്

കാനന ജാലക പഴുതിലൂ ടെത്തുന്ന
പൊൻനിറച്ചാർത്താലെൻ
മനം തുടിക്കെ
ഇലകൾ തൻ മർമ്മരം
ശ്രവണ സുകൃതമായ്
മൃദു മന്ത്രമോതും പുലർവേളയിൽ
കണ്ണുകൾ മെല്ലെ തുറക്കുന്ന പൂക്കളോ
ദിവ്യ സുഗന്ധം പരത്തീടുന്നു
അവയിലെ തേനൂറും മാധുര്യം നുകർന്നിട്ട്
പൂമ്പാറ്റ നൃത്തം ചവിട്ടുന്നല്ലോ
നേർത്ത ദളങ്ങൾ തൻ ചന്തം കെടുത്താതെ
മെല്ലെ മുകരുന്നു കരിവണ്ടൊന്ന്
മൂളിപ്പറക്കുന്നു പാട്ടുകൾ
മൂളീട്ടു, ഉന്മാദം കൊണ്ട്
നിറച്ച ഗാനം
കുരുവി തൻ കളിയൊച്ച
മുഖരിതമാക്കുന്നു
പൊന്നൊളി വീശുന്ന പൊൻപുലരി
കുയിലിണ തന്നുടെ വിരഹ ഗാനത്തിന്റെ അലകളിലലി യുന്നു ഹൃദയമൊന്ന്
കണ്ണിന്നു പൊൻകണി യേകുന്നു മണ്ണിലായ്
പൊൻമെത്ത നീർത്തുന്നു
പൂക്കളാലെ
ഓതുന്നു കാതിലായ് കിന്നാരം ഒന്നിന്നു
പൊന്നല തീർക്കും
കുളിർകാറ്റൊന്ന്
എന്നെ മനസ്സാലെ കാത്തുകൊണ്ടീടുന്ന
എൻ സഖി തന്നുടെ ദൂതു മായി

നീറും മനസ്സോടെ കാത്തിരിക്കുന്നു ഞാൻ
എന്ന് നീ ചേർന്നിടും
എന്റെ മാറിൽ

മാലിനി തീരത്തായ് വള്ളിക്കുടിലൊന്നു തീർത്തിടും, എൻ സഖേ
നമ്മൾക്കായി

എഴുതിടും ഞാനിന്ന് അനുരാഗ കാവ്യങ്ങൾ
പ്രണയം തുളുമ്പുന്ന വരികളാലെ

സ്വീകരിക്കും നിന്നെ
വരണമാല്യത്തിനാൽ പ്രകൃതിയൊരുക്കുമീ
പന്തലിതിൽ

×