ചാരത്തിൽ കേട്ട പിടച്ചൽ (കവിത)

സത്യം ഡെസ്ക്
Thursday, May 27, 2021

കാലിടറിവീണ്
രഹസ്യ മുറിയിൽ
അമ്മയാകേണ്ടി വന്ന
ജീവിതത്തിൻ്റെ
വക്ക് പൊട്ടിപ്പോയ ആനിമിഷ മോർക്കുമ്പോളൊക്കെയും അവൾ പൊട്ടിപൊട്ടി കരഞ്ഞു.

ഒറ്റപ്പെട്ടവളും മാറ്റിനിർത്തപ്പെട്ടവളുമായ് പാഠശാലയ്ക്കും
കൂട്ടുകാർക്കും
സമൂഹത്തിലും
പുറത്തായി സദാ കരയുന്ന
ഹൃദയവുമായി

ജനലഴിക്കുള്ളിലൂടെ
കനപ്പെട്ട് വിളിച്ചിട്ടും
കാതോർക്കാൻ ഒരാളില്ലാതെ..?
ഏകാന്ത മൂലയിലെ
ആഴിയിലേക്ക്
എരിഞ്ഞമർന്നവൾ
കാതോർത്താൽ കേൾക്കാം നീതിക്കായുള്ള ഘോരനിലവിളി

ജീവിതത്തിൻ്റെ പൊട്ടി
പോയ ഇഴകൾ എങ്ങനെ
ഏച്ച് കൂട്ടിയിട്ടും നുറുങ്ങി
കൊണ്ടിരുന്നു.
കണ്ഠത്തിൽ കുടുങ്ങിയ
വാക്കുകളിൽ നോവിൻപുക

രണ്ട് കുന്നുകൾക്കിടയിൽ
മുഖം കുത്തി നിന്നു
കല്ലട്ടിയിലിരുന്ന്
ഒളിഞ്ഞുനോക്കി
ഒരു കാലൊച്ച കേൾക്കാൻ..
വിജനതയിൽ കിളിയൊച്ചകൾ മാത്രം
പകൽ വെട്ടത്തിൽ
ഉരുകി തീർന്നവൾ

എത്ര ശ്രമിച്ചിട്ടും വീണു കൊണ്ടിരിക്കുന്ന
മനസ് പുറംപോക്കിലാരൊ
എടുത്ത് ചങ്ങലയിലിട്ടു.
ചാരത്തിൽ കേട്ടത്
അവളുടെ ജീവൻ്റെ
പിടച്ചിലായിരുന്നു.

-റസിയ പയ്യോളി

×