മധുര നെല്ലിക്ക (കവിത)

author-image
സത്യം ഡെസ്ക്
Updated On
New Update

publive-image

Advertisment

-ശ്രീകല ഭട്ടതിരിപ്പാട്

കൂട്ടുകാര്‍ക്കൊപ്പമാ -
യാണ്ടുകള്‍ക്കിപ്പുറ-
മെത്തി ഞാന്‍ വിദ്യാ -
ലയാങ്കണത്തില്‍..
പത്തു വര്‍ഷത്തോള -
മോടിക്കളിച്ചോരീ
പൂഴി മണലിന്നു -
മുത്സവമായി..
പ്രായവും ദൂരവും
പ്രാരാബ്ധമൊക്കെയും
പുസ്തകസഞ്ചി
യെറിയും പോലെ..
കണ്ണുപൊത്തിക്കളി -
ച്ചോടി നടന്നൊരീ
വാകമരച്ചോടി -
നുന്മേഷമായി..
നീണ്ട വരാന്ത തന്‍
തൂണുകളോരോന്നും
ഓടിപ്പിടിച്ചതു-
മോര്‍മ്മ വന്നു..
ഓടിന്നിറമ്പിലൂ -
ടൂറി വരുന്നോരാ
തൂമഴത്തുള്ളിക്കും
ചെറു കിണുക്കം
പുസ്തകത്താളിലെ
നീല മയില്‍പ്പീലി
കണ്‍ തുറന്നല്‍പമാ -
യെത്തി നോക്കി
മുറ്റത്തായോരത്തു
നില്‍ക്കും മഷിത്തണ്ടു -
മെന്നെയൊടിക്കല്ലേ -
യെന്നു ചൊല്ലി
ക്ളാസിന്‍െറ മൂലയില്‍
സൗഹൃദത്തേന്‍ പോലെ
യാരോ കളഞ്ഞിട്ട
കല്ലു കോലും..
ചോദിച്ചോ ബെഞ്ചുകള്‍
വേദന പേറിക്കൊ -
ണ്ടൊന്നിരുന്നീടുമോ
അല്‍പ്പ നേരം..
കുട്ടിക്കുറുമ്പുകള്‍
കാട്ടി നാം കൂട്ടരേ
കുട്ടിക്കുരങ്ങനേം
ബോര്‍ഡിലാക്കി..
കൈ പിടിച്ചോടി
നടന്നതാണീ വഴി
മാടി വിളിക്കുന്നീ
കല്പടകള്‍..
ദാഹമില്ലെങ്കിലും
ദാഹമഭിനയി -
ച്ചെത്തുന്നു വീണ്ടും
കിണറരികില്‍
ജാലക വാതിലില്‍
നീളുന്ന കണ്ണുകള്‍
കാണാതെ കണ്ടതു -
മോര്‍മ്മിച്ചു ഞാന്‍
അക്ഷരക്കുട്ടരോ -
ടൊത്തു കളിക്കുമ്പോള്‍
മൊട്ടിട്ടതല്ലോ
ചെറു പ്രണയം..
മുറ്റത്തെ നെല്ലിമര -
ത്തിലെ കാറ്റിനും
സൗഹൃദപ്പൂവിന്‍
നനുത്ത ഗന്ധം..
ഓര്‍മ്മകള്‍ പെരുമഴ -
ക്കാലമായങ്ങിനെ
തോരാതെ ജീവിത -
ഗന്ധിയായ്
ഓടി വന്നെന്നെയുണര്‍ത്തുന്നു
വീണ്ടുമൊ-
ന്നാകെ നനഞ്ഞൊന്നു
നില്‍ക്കുവാനായ്..

cultural
Advertisment