കവിത "കാത്തിരിപ്പ്" മഞ്ജുള ശിവദാസ്‌

author-image
admin
Updated On
New Update

കവിത "കാത്തിരിപ്പ്" മഞ്ജുള ശിവദാസ്‌

Advertisment

 

publive-image

കൊടുംവേനൽ താണ്ടി-
യെത്തും പുതുമഴപ്പെണ്ണേ,
നീയീ മണ്ണിലല്ല മനസ്സി-
ലല്ലോ പെയ്തിറങ്ങുന്നൂ..

ദാഹനീരിനിരന്നുനിൽക്കും-
ജീവജാലമതൊക്കെയും-
ഉടലുണങ്ങിയചെടികളും,നിൻ-
വരവൊരുത്സവമാക്കിടും.

നാണമോടെകുണുങ്ങിയും,നറു-
ചാറ്റൽകൊണ്ടു തലോടിയും,
ആദ്യമൊരു നവവധുവിനെ-
പ്പോലഴകിലെത്തുകനീ.

കാത്തിരുന്നു മുഷിഞ്ഞ-
മണ്ണിനെ തൊട്ടിണക്കുകനീ-
യിവിടെമറഞ്ഞിരിക്കും വിത്തു-
കൾക്കു പകർന്നിടൂ ജീവൻ.

കതിരവന്റെ തലോടലേറ്റു-
തളർന്ന പക്ഷിമൃഗാദികൾ,
കരിഞ്ഞ വൃക്ഷലതാദികൾ-
ക്കുമുണർത്തുപാട്ടായെത്തിടൂ.

പുതുമയാറും നാളുതൊട്ടു-
കനത്തുപെയ്തിടുക,നിന്നെ-
വരിച്ച മണ്ണിനെ പുൽകിയൊഴു-
കിയൊരരുവിയാവുകനീ.

കഠിനതാപക്കുടതകർത്തു-
തിമിർത്തു പെയ്യുക നീ-
വരണ്ടിരിക്കും ധരണിയെ-
കുളിർധാരയാൽ തഴുകൂ.

അകമ്പടിക്കിടിനാദവും മഴ-
വിരലുതിർക്കും താളവും,
മാരുതന്റെ കുറുമ്പുകളു-
മായ് വരിക വൈകാതെ..

Advertisment