ഭയം (കവിത)

സത്യം ഡെസ്ക്
Monday, November 30, 2020

-രാജു കാഞ്ഞിരങ്ങാട്

രസമാപിനിയിലെന്ന പോലെ
ഭയത്തിൻ്റെ കയറ്റിറക്കങ്ങൾ.
മനസ്സിലൊരു മുയൽക്കുഞ്ഞ്
അണച്ചു കൊണ്ടു നിൽക്കുന്നു

അടിമുടി പൊട്ടുന്നുവിയർപ്പിൻ്റെ
വേരുകൾ
വാചകത്തെ ഏതോ വഴിയിൽ
വെച്ച്
കുരുക്കിട്ടു പിടിക്കുന്നു
വാക്കിൻ്റെ സ്തൂപികാഗ്രത്തിൽ –
തട്ടിയ ഒരു വായുവിന്
ഭാഷാന്തരം സംഭവിച്ച് തിരിച്ചറി-
യാതെ പോയി

ആത്മഹത്യ ചെയ്തചില വാക്കുകളെ
വലിച്ചെറിഞ്ഞിരിക്കുന്നു
അനാഥ ശവങ്ങളെപ്പോലെ
മരണത്തിൻ്റെ ചിത്രം മാത്രം വരയ്ക്കു-
ന്നു മനസ്സ്

ഭയത്തിൻ്റെ മദപ്പാട് വന്ന്
വാക്കുകളെ ഏതോ പ്രാചീന കാലത്തേക്ക്
വഴി തെറ്റിച്ചു വിടുന്നു
എവിടെയായിരിക്കും വാ തുറന്ന വ്യാഘ്രം
നടക്കല്ലിറങ്ങിയ ഒരു വാക്കിനെ
എങ്ങും കാണാനില്ല !

×