സഫലം ” കവിത മഞ്ജുള ശിവദാസ്‌ .

Sunday, February 7, 2021

നാക്കുകൾ പലതെടുത്തുടുത്തിട്ടു-
വാക്കുകൾ മുഷിഞ്ഞെങ്കിലും,
കേൾക്കുവാനായ് കൊതിച്ചിരുന്നു,നിൻ-
നാക്കിൽ നിന്നുമാ വാക്കുകൾ

എന്നെയറിയാത്ത നിന്നിലേയ്ക്കുള്ള-
ദൂരമേറെയാണെങ്കിലും,
കാരണങ്ങളോരോന്നു തേടിയതു-
നിന്നടുക്കലൊന്നെത്തുവാൻ..

കാലമേറെക്കടന്നുപോയ്-
ഇന്നു കാലനെ കാത്തിരിപ്പു ഞാൻ,
പഴയതൊക്കെക്കളഞ്ഞ കൂട്ടത്തിൽ-
എന്റെ പുത്രരീയെന്നെയും!

ഏറെ വെട്ടിപ്പിടിയ്ക്കുവാൻ-
വേഗമോടുവാൻ വിഘ്‌നമാണു പോൽ.
സനാഥയെങ്കിലുമനാഥമായ്-
വൃദ്ധമന്ദിരത്തിലെൻ പകലുകൾ.

ഇവിടെ സദനത്തിനുമ്മറത്തിരു-
ന്നോർമ്മകളിലൂടുലാത്തവേ,
പടികടന്നുവരുന്ന വൃദ്ധനെ-
ക്കണ്ടതൊന്നതിശയിച്ചു പോയ്‌.

കണ്ടമാത്രയിലകം നിറഞ്ഞുലക-
മാകെയും സ്വന്തമായപോൽ,
പറയുവാൻ കൂട്ടിവച്ചതൊക്കെയും-
മറവിയപ്പോൾ ഭുജിച്ചപ്പോൽ.

എന്നെയറിയാത്ത നീ,എനി-
ക്കെത്താത്ത ദൂരത്തു നിന്നിതാ,
ഒരേ പഥത്തിലിന്നെത്തി നിൽക്കു-
ന്നൊരേയിടം ലക്ഷ്യമാക്കി നാം.

ഔഷധം തോറ്റിരുന്നിടത്തു,നീ-
യെത്തി അസുഖസംഹാരിയായ്,
ഒട്ടുദൂരമില്ലെങ്കിലും, ബാക്കി-
ഒപ്പമുണ്ടായിരിയ്ക്കുമോ??.

×