ഒറ്റപ്പെട്ടവൻ

Friday, March 12, 2021
രാജു.കാഞ്ഞിരങ്ങാട്
സുഹൃത്തേ, ജീവിതത്തിൽ തന്നെ
ഒരു പൂക്കാലം പുലരണം
രാഗമുണരണം
രതിയുണരണം
മരിച്ചാൽപിന്നെയൊരുമോക്ഷമില്ല
ഒരു പൂക്കാലവും
എൻ്റെ ഇല്ലായ്മയും വല്ലായ്മയും
സത്യമായിരുന്നല്ലോ
ഇനിയുമൊരു ജന്മമുണ്ടെന്ന് ഞാൻ
വിശ്വസിക്കുന്നില്ല
അങ്ങനെയൊരാളെ ഞാൻ കണ്ടിട്ടുമില്ല
കണ്ണീരുപ്പു കൊണ്ട് ജീവിതം പണിഞ്ഞവൻ
ഞാൻ
കാലത്തിലൂടെ നടക്കണമെനിക്ക്
കവിതയുടെ കുഞ്ഞു കഷ്ണങ്ങളെ
കൊറിക്കണം
പച്ച മനുഷ്യനായി പാതയോരത്തുകൂടെ
നടക്കുമ്പോഴാണ്
ജീവിതമെന്തെന്നറിയുക,കവിതയെന്തെന്ന
റിയുക
സുഹൃത്തേ, നരകമെന്തെന്ന് നീയെന്നെ നോക്കി
പഠിക്കുക
ഗ്രീഷ്മമെന്തെന്നറിയുക
പൂക്കാലമില്ലാത്തവൻ്റെ പുണ്യഭൂമിയാണ്
ഈ പുറമ്പോക്ക്
എനിക്ക് തിരിച്ചു പോകാൻ പൂവില്ല, ഇലയില്ല
തണ്ടില്ല
കൂട്ടിനെനിക്ക് പ്രേമഭാജനമില്ല
കഴുത്തോളം വെള്ളത്തിലും കുടിക്കാനിത്തിരി
ജലമില്ല
കവിതയുടെ കറുപ്പു തിന്ന് എനിക്ക് കിടക്കണം
കവിതയുടെ കറുത്ത മണ്ണിൽ ലയിക്കണം
×