/sathyam/media/post_attachments/DZyL1szCYR9RTRyFjFdz.jpg)
കൊല്ലം ചിതറയില്‍ വടിവാളും നായയുമായി മണിക്കൂറുകളോളം ഭീകരാന്തരീക്ഷം സൃഷ്ടിച്ച പ്രതിയെ ഒടുവില്‍ സാഹസികമായി പോലീസ് കീഴടക്കി. കിഴക്കുംഭാഗം സ്വദേശി സജീവനാണ് നാട്ടുകാരേയും പോലീസിനെയും മുള്‍മുനയില്‍ നിര്‍ത്തിയത്. കഴിഞ്ഞ ദിവസം കിഴക്കുംഭാഗം സ്വദേശി സുപ്രഭയുടെ വീട്ടില്‍ സജീവന്‍ നായയും വടിവാളുമായെത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചിരുന്നു. സുപ്രഭ താമസിക്കുന്നത് തന്റെ വീട്ടിലാണെന്നും ഇവിടെനിന്ന് ഒഴിഞ്ഞുപോകണമെന്നും ആവശ്യപ്പെട്ടായിരുന്നു അക്രമണം. നാട്ടുകാരെത്തി ഇയാളെ അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഒടുവില്‍ പോലീസ് സ്ഥലത്തെത്തി ഇയാളെ പിന്തിരിപ്പിച്ച് വീട്ടിലേക്ക് അയയ്ക്കുകയായിരുന്നു.
സംഭവത്തില്‍ പ്രതിയെ പോലീസിന് പിടികൂടാനാകാത്തതില്‍ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു. തന്നെ വീട്ടിലെത്തി അറസ്റ്റ് ചെയ്യാന്‍ ഇയാള്‍ പോലീസിനെ വെല്ലുവിളിക്കുകയും ചെയ്തിരുന്നു. എന്നാല്‍, സജീവന്‍ നാല് നായ്ക്കളെ അ്ഴിച്ചുവിട്ടിരിക്കുകയാണെന്നാണ് പോലീസ് പറഞ്ഞത്. പരാതി പ്രളയത്തിനു പിന്നാലെയാണ് പോലീസ് ഇന്ന് സജീവന്റെ വീട്ടിലെത്തിയത്. ഇതോടെ ഇയാള്‍ വാതില്‍ പൂട്ടി. വാതിലും ജനലും പൊളിച്ച് അകത്തുകടക്കാനുള്ള ശ്രമം പോലീസ് നടത്തിയെങ്കിലും വാളുപയോഗിച്ച് സജീവന്‍ ആത്മഹത്യ ഭീഷണി മുഴക്കിയതോടെ പോലീസ് താത്ക്കാലികമായി പിന്തിരിഞ്ഞു.
വടിവാളുമായി നിലകൊണ്ട സജീവനെ വീടിന് പുറത്തിറക്കാന്‍ നാല് മണിക്കൂറിലേറെ പണിപ്പെട്ടിട്ടും പോലീസിന് കഴിഞ്ഞിരുന്നില്ല. തുടര്‍ന്ന് നാട്ടുകാരുടെയും പോലീസുകാരുടെയും കൃത്യമായ ഇടപെടിലൂടെ ബലംപ്രയോഗിച്ച് സജീവനെ കീഴടക്കുകയായിരുന്നു. കൈവിലങ്ങണിയിച്ചാണ് വീട്ടില്‍ നിന്ന് സജീവനെ പുറത്തിറക്കിയത്. പലതവണ സജീവനെ പിടികൂടാനായി പോലീസ് വീടിനകത്തേക്ക് കയറിയെങ്കിലും വടിവാള്‍ വീശിയതോടെ പോലീസിന് തിരിച്ചിറങ്ങേണ്ടി വരികയായിരുന്നു. നായയെ അടക്കം ഇയാള്‍ അഴിച്ചുവിട്ടിരുന്നു. ജനല്‍ചില്ലുകള്‍ അടക്കം അടിച്ചുതകര്‍ത്ത് പുറത്തേക്ക് എറിയുകയും പ്രതി ചെയ്തിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us