ജാർഖണ്ഡിലെ ബുദ്ധ പഹാദിൽ നിന്ന് മാവോയിസ്‌റ്റുകൾ ഒളിപ്പിച്ചതായി കരുതപ്പെടുന്ന വൻ ബോംബ് ശേഖരം പോലീസ് കണ്ടെടുത്തു. ബോംബുകളെല്ലാം നിർവീര്യമാക്കിയ പോലീസ് പ്രദേശത്ത് മാവോയിസ്‌റ്റുകൾ നിർമിച്ച തുരങ്കം തകർത്തു. ലത്തേഹറിലെ പോലീസ് സൂപ്രണ്ടിന് സൂചന ലഭിച്ചതിനെത്തുടർന്ന് കമാൻഡോ ബറ്റാലിയൻ ഫോർ റെസലൂട്ട് ആക്ഷൻ (കോബ്രാ) സേനയും ജില്ലാ പോലീസും സംയുക്താ റെയ്‌ഡ് നടത്തുകയായിരുന്നു.
"പോലീസ് സൂപ്രണ്ടിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസിന്റെയും സുരക്ഷാ സേനയുടെയും സംയുക്ത സംഘം റെയ്‌ഡ് നടത്തി" ലത്തേഹാർ ഓപ്പറേഷൻസ് എഎസ്‌പി സന്തോഷ് കുമാർ മിശ്ര പറഞ്ഞു. “ഞങ്ങൾക്ക് ശരിയായ സമയത്ത് വിവരങ്ങൾ ലഭിച്ചു, അതിനാൽ തന്നെ മാവോയിസ്‌റ്റുകളുടെ പദ്ധതികൾ പരാജയപ്പെടുത്താൻ കഴിഞ്ഞു" അദ്ദേഹം വ്യക്തമാക്കി.
10 കിലോ വീതം ഭാരമുള്ള 17 സിലിണ്ടർ ബോംബുകൾ, 74 ഒഴിഞ്ഞ സിലിണ്ടറുകൾ, 19 ടിഫിൻ ബോംബുകൾ, ആറ് ട്രയാംഗിൾ ബോംബുകൾ, മൂന്ന് ചെക്ക് വാൽവ് ബോംബുകൾ, 300 മീറ്റർ നീളമുള്ള കോഡെക്‌സ് വയർ (സ്ഫോടനാത്മക വയർ), 68 ഇലക്ട്രോണിക് ഡിറ്റണേറ്ററുകൾ, 98 നോൺ ഇലക്‌ട്രോണിക് ഡിറ്റണേറ്ററുകൾ, ബോംബുകളുൾപ്പെടെ 400 മീറ്റർ നീളമുള്ള കമ്പികളും മറ്റുമാണ് പോലീസ് റെയ്‌ഡിൽ കണ്ടെത്തിയത്.