കൊല്ലം: കരുനാഗപ്പള്ളി അഭിഭാഷകനെ മർദിച്ചതായ പരാതിയിൽ തുടന്ന് കരുനാഗപ്പള്ളി എസ്.എച്ച്.ഒ. ഉൾപ്പെടെ നാലുപോലീസ് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്ത നടപടിയിൽ പോലീസ് പെൻഷനേഴ്സ് അസോസിയേഷൻ പ്രതിഷേധിച്ചു. ടൗൺ ക്ലബ്ബിന് മുന്നിൽ നിന്നും ആരംഭിച്ച പ്രതിഷേധ പ്രകടനം ടൗൺ ചുറ്റി സിവിൽ സ്റ്റേഷനു സമീപം സമാപിച്ചു. തുടർന്ന് ചേർന്ന ധർണ്ണ സമരം കെ പി പി എ സംസ്ഥനവൈസ് പ്രസിഡൻ്റ് ജെ ഉദയകുമാർ ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡൻ്റ് ജവഹർലാൽ അധ്യക്ഷനായി.
ജില്ലാ സെക്രട്ടറി സി പി സുരേഷ്, സിദ്ധിഖ്, എ റഷീദ് എന്നിവർ സംസാരിച്ചു. ലഹരി മാഫിയയ്‌ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുകയും മദ്യപിച്ച് നിയമലംഘനം നടത്തി ക്രമസമാധാന പ്രശ്നം സൃഷ്ടിച്ച അഭിഭാഷകനെതിരെ നടപടി സ്വീകരിച്ചതിൻ്റെ പേരിൽ പോലീസ് ഉദ്യോഗസ്ഥരെ ബലിയാടാക്കാനുള്ള നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും പെൻഷനേഴ്സ് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു.
ഇത്തരം നടപടികൾ പോലീസ് ഉദ്യോഗസ്ഥരുടെ മനോവീര്യത്തെ തകർക്കുന്നതാണെന്നും നേതാക്കൾ ആരോപിച്ചു. പ്രതിഷേധം തുടരുമെന്നും ഭാരവാഹികൾ അറിയിച്ചു.