നവജാത ശിശുവിന്റെ മരണം കൊലപാതകം തന്നെയെന്ന് പൊലീസ്

New Update

publive-image

കൊച്ചി: തിരുവാണിയൂരിലെ നവജാത ശിശുവിന്റെ മരണം കൊലപാതകം തന്നെയെന്ന് പൊലീസ് പറഞ്ഞു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ഇതിനു തെളിവാണെന്നും പൊലീസ് പറഞ്ഞു. കുഞ്ഞ് മരിച്ചതിനെത്തുടര്‍ന്ന് പാറമടയിലെ വെള്ളത്തില്‍ കെട്ടിത്താഴ്ത്തുകയായിരുന്നുവെന്നാണ് അമ്മ നേരത്തെ പൊലീസിന് നല്‍കിയ മൊഴി.

Advertisment

കുഞ്ഞിന്റേത് മുങ്ങി മരണമാണെന്ന് ഡോക്ടര്‍മാര്‍ പൊലീസിന് റിപ്പോര്‍ട്ട് നല്‍കി. കുഞ്ഞിന്റെ ആന്തരികാവയവങ്ങളില്‍ ക്വാറിയിലെ വെള്ളം കണ്ടെത്തി. ജനിച്ച സമയത്ത് കുട്ടിയ്ക്ക് ജീവനുണ്ടായിരുന്നു. യാതൊരു ആരോഗ്യ പ്രശ്നങ്ങളുണ്ടായിരുന്നില്ല എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അമ്മ പാറമടയില്‍ തള്ളിയ നവജാത ശിശുവിന്റെ മൃതദേഹം ഇന്നലെയാണ് കണ്ടെത്തിയത്. തുണിയില്‍ പൊതിഞ്ഞ നിലയില്‍ യുവതിയുടെ വീടിന്റെ നൂറ് മീറ്റര്‍ അകലെയുള്ള പാറമടയിലാണ് മൃതദേഹം കണ്ടെത്തിയത്. യുവതി ചൊവ്വാഴ്ചയാണ് പ്രസവിച്ചത്. പ്രസവത്തെ തുടര്‍ന്നുള്ള രക്തസ്രവം അവസാനിക്കാതിരുന്നതിനെ തുടര്‍ന്ന് ഇവരെ ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ആശുപത്രിയില്‍ വച്ച് ഡോക്ടര്‍മാര്‍ ചോദ്യം ചെയ്തപ്പോള്‍ ആണ് താന്‍ പ്രസവിച്ചെന്നും കുഞ്ഞിനെ വീടിന് അടുത്തുള്ള പാറമടയില്‍ കെട്ടിതാഴ്ത്തിയെന്നും അവര്‍ പറഞ്ഞത്. ഇതോടെ ആശുപത്രി അധികൃതര്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

നാല്‍പ്പത് വയസുള്ള ഈ സ്ത്രീക്ക് നാല് മക്കളുണ്ട്. മക്കളില്‍ മൂത്തയാള്‍ക്ക് 24 വയസുണ്ട്. ഗര്‍ഭിണിയായിരുന്നുവെന്ന വിവരം മറ്റാര്‍ക്കും അറിയില്ലായിരുന്നുവെന്നാണ് സൂചന. കൃത്യം ചെയ്യാന്‍ ഇവരുടെ ഭര്‍ത്താവ് സഹായിച്ചോ എന്ന കാര്യവും പൊലീസ് പരിശോധിക്കുന്നുണ്ട്.

അമ്മ നിലവില്‍ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. പ്രസവവും രണ്ട് ദിവസം നീണ്ട രക്തസ്രവവും കാരണം അവശയായ യുവതിയുടെ ആരോഗ്യനില മെച്ചപ്പെട്ട ശേഷം വിശദമായി ചോദ്യം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് പൊലീസ്.

crime baby death
Advertisment