അറസ്റ്റ് ചെയ്ത പ്രതി പോലീസിന്റെ വെടിയേറ്റ് മരിച്ച കേസില്‍ 20 മില്യന്‍ നഷ്ടപരിഹാരം

author-image
പി പി ചെറിയാന്‍
Updated On
New Update

മേരിലാന്‍ഡ്: നിരായുധനായ വില്യം ഗ്രീന്‍ (43) പോലീസിന്റെ പട്രോള്‍ വാഹനത്തിന് സമീപം വെടിയേറ്റ് മരിച്ച സംഭവത്തില്‍ 20 മില്യന്‍ ഡോളര്‍ നഷ്ടപരിഹാരം നല്‍കുന്നതിന് മേരിലാന്‍ഡ് കൗണ്ടി അധികൃതര്‍ ധാരണയിലെത്തിയതായി സെപ്റ്റംബര്‍ 28 തിങ്കളാഴ്ച പ്രിന്‍സ് ജോര്‍ജ് കൗണ്ടിയുടെ പത്രക്കുറിപ്പില്‍ അറിയിച്ചു.

Advertisment

publive-image

ജനുവരി 27-നായിരുന്നു സംഭവം. പോലീസ് ഓഫീസര്‍ മൈക്കിള്‍ ഓവന്‍ വാഹനാപകടത്തെ തുടര്‍ന്ന് അന്വേഷണത്തിനെത്തിയതായിരുന്നു. അതേസമയം വില്യം ഗ്രീന്‍ സ്വന്തം വാഹനത്തില്‍ ഡ്രൈവര്‍ സീറ്റില്‍ ഇരുന്ന് ഉറങ്ങുന്നത് പോലീസ് ഓഫീസറുടെ ശ്രദ്ധയില്‍പ്പെട്ടു. ഏതോ മയക്കുമരുന്നിന്റെ ലഹരിയിലായിരിക്കും വില്യം ഗ്രീന്‍ എന്നു കരുതി കൈ പുറകിലേക്ക് ചേര്‍ത്ത് വിലങ്ങുവെച്ച് പോലീസ് കാറിന്റെ മുന്‍ സീറ്റില്‍ ഇരുത്തി.

പിന്നീട് വില്യമുമായി ബലപ്രയോഗം നടന്നുവെന്നും ഇതിനെ തുടര്‍ന്ന് ഏഴുതവണ നിറയൊഴിക്കകയായിരുന്നുവെന്നാണ് ഓഫീസര്‍ നല്‍കിയ വിശദീകരണം. എന്നാല്‍ പോലീസ് കാമറ പരിശോധിച്ചപ്പോള്‍ ബലപ്രയോഗം നടന്നതായി കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നു അധികൃതര്‍ പറയുന്നു.

പോലീസ് ഓഫീസര്‍ക്കെതിരേ സെക്കന്‍ഡ് ഡിഗ്രി മര്‍ഡറിനു കേസ് എടുത്ത് പത്തുവര്‍ഷത്തെ സേവനം ഉണ്ടായിരുന്ന ഇദ്ദേഹത്തെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചു. കേസിന്റെ വിചാരണ അടുത്ത വര്‍ഷം നടക്കാനിരിക്കെ ആണ് കൗണ്ടി അധികൃതര്‍ വില്യമിന്റെ കുടുംബാംഗങ്ങളുമായി ധാരണയിലെത്തിയത്. ഡ്യൂട്ടിയിലിരിക്കെ പ്രതിയെ വെടിവച്ചു കൊലപ്പെടുത്തിയ കേസില്‍ ആദ്യമായാണ് ഒരു പോലീസ് ഓഫീസര്‍ അറസ്റ്റിലാകുന്നതെന്നു കൗണ്ടി എക്‌സിക്യൂട്ടീവ് ആഞ്ചല ആള്‍സൊബ്രൂക്ക് പറഞ്ഞു.

ഈ സംഭവത്തില്‍ ഞാന്‍ വേദനിക്കുന്നുവെന്ന് ആഞ്ചല വാര്‍ത്താ സമ്മേളനത്തിനിടെ കുടുംബാംഗങ്ങളെ അറിയിച്ചു. വെടിവച്ചു എന്നു പറയപ്പെടുന്ന ഓഫീസര്‍ ഇതിനു മുമ്പ് രണ്ട് വെടിവയ്പ് സംഭവങ്ങളില്‍ ഉള്‍പ്പെട്ടിരുന്നു.

police shooting death
Advertisment